18 വര്‍ഷം കൊണ്ട് 8ശതമാനം ആമസോണ്‍ മഴക്കാടുകള്‍ തുടച്ചുനീക്കപ്പെട്ടു

ബ്രസീലിയ: ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ അതിവേഗത്തില്‍ തുടച്ചുനീക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്.
ആമസോണിലെ വനനശീകരണം 2000 മുതല്‍ 2018 വരെ 8% ആയിരുന്നുവെന്നാണ് റെയ്‌സ്ജി നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2000 മുതല്‍ 5.13 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മഴക്കാടുകളാണ് നഷ്ടപ്പെട്ടത്. 2003ലാണ് ഏറ്റവും വലിയ നശീകരണം നടന്നത്. 49,240 ചതുരശ്ര കിലോമീറ്റര്‍ വനമാണ് ഇക്കാലയളവില്‍ നഷ്ടമായത്.2008-ല്‍ 12,287 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ വനം നശിച്ചിരുന്നു. 2018ല്‍ ഇത് 7033 ചതുരശ്രകിലോമീറ്ററായിരുന്നു. ഈവര്‍ഷം ആമസോണിലുണ്ടായ കാട്ടുതീ വലിയൊരുപ്രദേശത്തെ മഴക്കാടുകളെ അപ്പാടെ വിഴുങ്ങിയിരുന്നു. മേഖലയില്‍ കാര്‍ഷികവൃത്തിയും ഖനനവും പ്രോത്സാഹിപ്പിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കു നേരെ ഇതില്‍ ആഗോളതലത്തില്‍നിന്ന് വന്‍ പ്രതിഷേധവുമുയര്‍ന്നു. ആമസോണ്‍ കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്.

നേരത്തെ 2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലായ് വരെ മാത്രം പതിനായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വനം നശിച്ചതായി ബ്രസീല്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഐ.എന്‍.പി.ഇ.) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 12 മാസംകൊണ്ട് 10,100 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ മരങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. പത്തുവര്‍ഷത്തെ ഏറ്റവുംകൂടിയ വനനശീകരണനിരക്കാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →