തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം നിശ്ചിത സമയത്തിന് ശേഷം കോവിഡ് പോസിറ്റീവായവർ വോട്ടു ചെയ്യുവാൻ വന്നിട്ടുണ്ടെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച് വോട്ടർമാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. എന്നാൽ ഇത്തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
ജില്ലയിലെ എല്ലാ വോട്ടർമാർക്കും പൂർണ സുരക്ഷയോടെ സമ്മതിദാനം നിർവഹിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ബൂത്തിലുള്ള എല്ലാ വോട്ടർമാരും വോട്ടു ചെയ്ത ശേഷം മാത്രമേ കോവിഡ് പോസിറ്റീവായ വോട്ടർമാർക്ക് അവസരം നൽകുകയുള്ളൂവെന്നും കലക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജൻറുമാരും പി പി ഇ കിറ്റ് ധരിച്ച് കോവിഡ് ബാധിച്ചവർക്ക് വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കും.
ഈ അവസരത്തിൽ വോട്ടെടുപ്പ് പ്രക്രിയ തടസപ്പെടുത്തുന്ന രീതിയിലോ വോട്ടർമാരെ പിന്തിരിപ്പിക്കുന്ന രീതിയിലോ സാമൂഹ്യ വിരുദ്ധർ പ്രവർത്തനങ്ങൾ നടത്തിയാൽ അവർക്കെതിരെ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.