ലോവര്‍ പെരിയാറില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി

കൊച്ചി: ലോവര്‍പെരിയാര്‍ പദ്ധതിക്കായി 1974ല്‍ കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഒരു ഹെക്ടര്‍ വീതം ഭൂമി ഇനിയും കിട്ടിയിട്ടില്ലാത്തവര്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. ഭൂമി അനുവദിച്ച് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും നടപടിക്രമങ്ങളുടെ പേരില്‍ വട്ടം കറക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. സമയ ബന്ധിതമായി തുടര്‍ നടപടിയെടുക്കാന്‍ കളക്ടറോട് കോടതി നിര്‍ദ്ദേശിച്ചു. മുമ്പ് ഭൂമി കിട്ടിയിട്ടുളളവര്‍ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമോപദേശം തേടിയശേഷം റദ്ദാക്കാന്‍ നടപടിയെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തങ്ങള്‍ക്ക് ഇതുവരെയും ഭൂമി കിട്ടിയിട്ടില്ലെന്ന് കാണിച്ച് ശാന്തമ്മ ഗോപിയുള്‍പ്പടെ ഏഴ് ആദിവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്. നടപടിക്രമങ്ങള്‍ കഠിനമാക്കി ഭൂമി നിഷേധിക്കാനല്ല ഭൂമി ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് കോടതി പറഞ്ഞു. ആദിവാസികള്‍ പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയുന്നതിന് പകരം റവന്യൂ വകുപ്പ് അന്വേഷണം നടത്തി റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍ മുഖേന ആവശ്യമായ പരിശോധന നടത്തണം. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിഎഫ്ഒ തുടര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭൂമിയുടെ കൈമാറ്റം തടയാന്‍ വ്യവസ്ഥയുള്‍പ്പെടുത്താനും സമീപ സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ അറിയിപ്പ് നല്‍കാനും നിര്‍ദ്ദേശിച്ചു.

Share
അഭിപ്രായം എഴുതാം