‘റോമാ സാമ്രാജ്യം കത്തിയെരിയുമ്പോഴല്ല വയലിൻ വായിക്കേണ്ടത് ‘ കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍

ചെന്നൈ: കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെന്ന് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവരോട് സംസാരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ വയലിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതല്ല അതിനുള്ള സമയം. റോം കത്തിയെരിയുമ്പോള്‍ വയലിന്‍ വായിക്കരുത്’ – മോദിയുടെ മൗനത്തെ വിമര്‍ശിച്ച് കമല്‍ ഹാസന്‍ പറഞ്ഞു.

‘പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചു. നിങ്ങള്‍ സംസാരിക്കണം. അത് രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങളും രാജ്യത്തിന്റെ നന്മയാണല്ലോ വിശ്വസിക്കുന്നത്. കൃഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് അപേക്ഷയല്ല’ – കമല്‍ ഹാസന്‍ പറഞ്ഞു.

മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു മക്കള്‍ നീതി മയ്യത്തില്‍ അംഗമാകുന്നുവെന്ന് അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

Share
അഭിപ്രായം എഴുതാം