ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, തൃണമൂൽ നേതാവ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തൃണമൂൽ കോൺഗ്രസിന് ബംഗാളിൽ കനത്ത തിരിച്ചടി. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി വെളളിയാഴ്ച (27/11/20) മന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറിനും അദ്ദേഹം കൈമാറി.

ഗതാഗത, ജലസേചന മന്ത്രിയായിരുന്ന സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായാണ് അറിയപ്പെടുന്നത്. പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചിട്ടില്ലെങ്കിലും വൈകാതെ രണ്ട് സ്ഥാനങ്ങളും രാജിവെക്കുമെന്നാണ് വിവരം.

രാജിക്കത്ത് കൈമാറിയതിന് ശേഷം സുവേന്ദു ദല്‍ഹിയിലെത്തി. ബിജെപിയില്‍ ചേരുന്നതിനു വേണ്ടിയാണോ ഇതെന്നാണ് ഇനി അറിയേണ്ടത്. കുറച്ചു മാസങ്ങളായി സുവേന്ദു മമത ബാനര്‍ജിയുമായും പാര്‍ട്ടിയുമായും പിണക്കത്തിലായിരുന്നു. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ.

Share
അഭിപ്രായം എഴുതാം