ഒരേകുടുംബത്തിലെ നാലുപേര്‍ സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്നു

തൃശൂര്‍: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച കണ്ടശാംകവ് മാമ്പുളളി വടശ്ശേരി നാരായണന്റെയും കൗസല്ല്യയുടേയും 8 മക്കളില്‍ 4 പേരും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരംഗത്ത്. വി.എന്‍ സുര്‍ജിത്, സഹോദരിമാരായ മേനക മധു, രജനി തിലകന്‍, ഷീബ ചന്ദ്രബോസ്, എന്നിവരാണ് അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ വോട്ടുതേടുന്നത്. ചെറുപ്പത്തില്‍ അച്ഛനോടൊപ്പം പാര്‍ട്ടി സമ്മേളനങ്ങളിലും ജാഥകളിലും ഒന്നിച്ചു പങ്കെടുത്തിരുന്നു നാലുപേരും.

ഡിവൈഎഫ്‌ഐസംസ്ഥാന കമ്മറ്റിയംഗം, സിപിഎം ഏരിയാ കമ്മറ്റിഅംഗം, കര്‍ഷക സംഘം ഏരിയാ സെക്രട്ടറി, പഞ്ചായത്ത് മുന്‍പ്രസിഡന്റ് എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുളള വിഎന്‍ സുര്‍ജിത് അന്തിക്കാട് ഡിവിഷനില്‍ നിന്ന് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നു. അദ്ധ്യാപികയും ,കെഎസ്ടിഎ, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ,മഹിളാ അസോസിയേഷന്‍ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് , എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള മേനക മധു അന്തിക്കാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ്

ആലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറും മഹിളാ അസോസിയേഷന്‍പാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മായ രജനി തിലകന്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പാഴൂര്‍ ഡിവിഷനിലാണ് മത്സരിക്കുന്നത്. ഷീബാ ചന്ദ്രബോസ് വാടാനപ്പിളളി പഞ്ചായത്ത് മൂന്നാംവാര്‍ഡിലും മത്സരിക്കുന്നു.

ഇവരുടെ അച്ഛന്‍ വിഎ നാരായണന്‍ ചെത്തുതൊഴിലാളി സമരത്തിലും കരിക്കൊടി ചകിരിത്തൊഴിലാളി സമരത്തിലും പങ്കെടുത്ത് ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസം 18 നാണ് 96ാമത്തെ വയസില്‍ നാരായണന്‍ അന്തരിച്ചത്. മറ്റ് നാലുമക്കളും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണ്. അച്ഛനുകിട്ടിയ അംഗീകാരമാണ് നാലുപേരുടേയും സ്ഥാര്‍ത്ഥിത്വം എന്ന് ഒരേസ്വരത്തില്‍ പറയുന്നു. കണ്ടശാംകടവ് മാമ്പുളളി തറവാട്ടില്‍ സുര്‍ജിത്തിനൊപ്പമാണ് അമ്മ കൗസല്യ താമസിക്കുന്നത്.

Share
അഭിപ്രായം എഴുതാം