സിബിഎസ്ഇ പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷകള്‍ നടക്കുമോ എന്ന സംശയത്തിന് വിരാമമിട്ട് ബോര്‍ഡ് സെക്രട്ടറി അനുരാഗ് തൃപാഠി. പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ നടക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമ തിയ്യതി അല്ല. കൊവിഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അന്തിമ തിയ്യതികള്‍ പ്രഖ്യാപിക്കുക. പരീക്ഷയുടെ ഷെഡ്യൂള്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് രൂപരേഖകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. പരീക്ഷകള്‍ എന്ത് ഫോര്‍മാറ്റില്‍ നടത്തും, ഇവാല്യുവേഷന്‍ എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാലാണ് തിയതി പ്രഖ്യാപനം വൈകുന്നത് എന്നാണ് സൂചന.അതേസമയം, 2021 ബോര്‍ഡ് പരീക്ഷയുടെ സിലബസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സാധാരണഗതിയില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ബോര്‍ഡ് പരീക്ഷകള്‍ നടക്കാറുള്ളത്. അതേസമയം. ചില സംസ്ഥാനങ്ങള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ നീട്ടി വച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ബോര്‍ഡ് പരീക്ഷകള്‍ 2021 മെയില്‍ നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് സ്‌കൂളുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുന്നതിനാല്‍ പരീക്ഷ നടക്കുമെന്നും ഇല്ലെന്നും അടക്കമുള്ള അഭ്യൂഹങ്ങളും അതിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2021ല്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തില്ലെന്നും നീട്ടിവെക്കുമെന്നും പ്രചരണങ്ങളുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം