കാര്‍ബണ്‍ ബഹിര്‍ഗമനം 30-35 ശതമാനം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് മോദി

ന്യൂഡല്‍ഹി: കാര്‍ബണ്‍ ബഹിര്‍ഗമനം 30-35 ശതമാനം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വീഡിയോ കോണ്‍ഫറന്‍സിലൂടെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ (പിഡിപിയു) സമ്മേളന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ അത് ലോകരാജ്യങ്ങളെ അറിയിച്ചപ്പോള്‍ അവര്‍ അമ്പരക്കുകയും ഇന്ത്യക്ക് അത് നേടാന്‍ കഴിയുമോ എന്ന് ആശ്ചര്യപ്പെടുകയും ചെയ്തു, ഈ ദശകത്തില്‍ പ്രകൃതിവാതക ശേഷിയുടെ ഉപയോഗം നാല് മടങ്ങ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണ ശുദ്ധീകരണ ശേഷിയുടെ ഇരട്ടിയാക്കാനുള്ള ശ്രമം തുടരുകയാണ്-അദ്ദേഹം പറഞ്ഞു. ഇതെല്ലാം കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.”നിങ്ങള്‍ക്ക് എന്തെങ്കിലും ആശയം, ഉല്‍പ്പന്നം ഉണ്ടെങ്കില്‍, ഈ ഫണ്ട് നിങ്ങള്‍ക്ക് ഒരു നല്ല അവസരവും സര്‍ക്കാരില്‍ നിന്നുള്ള സമ്മാനവുമാണ്,” അദ്ദേഹം പറഞ്ഞു.എണ്ണ, വാതക മേഖലയില്‍ മാത്രം കോടിക്കണക്കിന് രൂപ ഈ ദശകത്തില്‍ നിക്ഷേപിക്കാന്‍ പോകുന്നു, അതിനാല്‍ സംരംഭകാര്‍ക്ക് ഈ രംഗത്ത് ധാരാളം അവസരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം