ന്യൂ ഡൽഹി: സ്വയംപര്യാപ്ത ഭാരതം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരും എന്ന് പെട്രോളിയം-പ്രകൃതി വാതക-സ്റ്റീൽ വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ. മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 119-ാം വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയംപര്യാപ്ത ഭാരതം എന്നതിലൂടെ ഇന്ത്യ അർത്ഥമാക്കുന്നത് സ്വയം കേന്ദ്രീകൃത സംവിധാനം അല്ലെന്നും, സ്വയംപര്യാപ്തത എന്ന ഭാരതീയ ദർശനത്തിൽ ലോകത്തിന്റെ മുഴുവൻ സന്തോഷം, സഹകരണം, സമാധാനം എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ നട്ടെല്ലാണ് ഉരുക്ക് വ്യവസായ മേഖല എന്ന് ശ്രീ പ്രധാൻ ചൂണ്ടിക്കാട്ടി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഉരുക്ക് ഉത്പാദക രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ എങ്കിലും, രാജ്യത്തെ പ്രതിശീർഷ ഉരുക്ക് ഉപഭോഗം 74.1 കിലോഗ്രാം മാത്രമാണെന്നും, ഇത് ആഗോള ശരാശരിയായ 224.5 കിലോഗ്രാമിന്റെ മൂന്നിലൊന്ന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഉരുക്ക് ഉപഭോഗം വർധിപ്പിക്കാൻ ആവശ്യമായ ഒട്ടേറെ സാഹചര്യങ്ങളാണ് നമുക്ക് ചുറ്റുമുള്ളതെന്നും, ഉരുക്കിന്റ്റെ ഉപയോഗത്തിലൂടെ പരിസ്ഥിതി സൗഹൃദം, ഉയർന്ന ആയുസ്സ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ഇന്റഗ്രേറ്റഡ് സ്റ്റീൽ ഹബ്ബ്, രാജ്യത്തിന്റെ ഉരുക്ക് വ്യവസായ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതോടൊപ്പം, പ്രാദേശിക വികസനത്തിനും തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും വഴി തുറക്കും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ വാതക വിതരണ ശൃംഖല, കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.