ഭരണഘടന ദിനത്തോടനുബന്ധിച്ച് എൻ സി സി സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന യുവജന ക്ലബ് പരിപാടി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

ന്യൂ ഡൽഹി: ഭരണഘടന ദിനത്തോടനുബന്ധിച്ച് എൻസിസി രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന യുവജന ക്ലബ് പരിപാടികൾ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു.   യുവാക്കളിലൂടെ ജനങ്ങൾക്കിടയിൽ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഭരണഘടനയുടെ ആത്മാവിനെ തിരിച്ചറിയാനും അത് മുന്നോട്ടു വെക്കുന്ന ദർശനങ്ങൾ പ്രാവർത്തികമാക്കാനും രാജ്യത്തെ യുവാക്കൾ പരിശ്രമിക്കണമെന്ന് പ്രതിരോധമന്ത്രി ആഹ്വാനം ചെയ്തു.
യുവജനകാര്യ, കായിക മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രി ശ്രീ കിരൺ റിജ്ജുവും പരിപാടിയിൽ സംസാരിച്ചു.

രാജ്യത്തെ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആണ് ഒരു മാസം നീളുന്ന പ്രചാരണപരിപാടികൾ സംഘടിപ്പിക്കുക. നാഷണൽ കേഡറ്റ് കോർ(NCC), നാഷണൽ സർവീസ് സ്കീം(NSS), നെഹ്റു യുവ കേന്ദ്ര സംഘതൻ(NYKS) ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഹിന്ദുസ്ഥാൻ സ്കൗട്ട്സ്& ഗൈഡ്സ് അസോസിയേഷൻ, റെഡ് ക്രോസ് തുടങ്ങിയ സംഘടനകൾ നവംബർ 18 മുതൽ 2020 ഡിസംബർ 13 വരെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.

 2020 നവംബർ 22 മുതൽ 24 വരെ രാജ്യവ്യാപകമായി രക്തദാന ക്യാമ്പ് പരിപാടികളും യുവാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പ്രചാരണത്തിന്റെ ഭാഗമായി  #Its My Duty (Department of Justice) & #MeraKartavya (NCC twitter handle) തുടങ്ങിയ ഹാഷ്ടാഗുകൾ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും.

 ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശങ്ങൾ ,ഇമെയിലുകൾ, ടെക്സ്റ്റ്‌ മെസേജുകൾ, ബാനറുകൾ എന്നിവ വഴിയും പ്രചരിപ്പിക്കുന്നതാണ്. പ്രകൃതിയോട് പൗരനുള്ള ഉത്തരവാദിത്വത്തെ സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും പ്രചരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീടും പരിസരവും ശുചിയാക്കുന്ന ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.

Share
അഭിപ്രായം എഴുതാം