പത്തനംതിട്ട: ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരില്‍ നിന്നും ഭക്ഷണത്തിന് പണം ഇടാക്കാന്‍ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മൂലം ദേവസ്വം ബോര്‍ഡ് സബ്സിഡി നല്‍കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ വര്‍ഷങ്ങളായി പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് പോലീസ് മെസ് നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിമലയിലെ പോലീസ് മെസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമാന്‍ഡന്റ് പുറത്തിറക്കിയ കുറിപ്പിലാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരില്‍ നിന്നും ഭക്ഷണത്തിനു പണം ഈടാക്കാനുള്ള തീരുമാനം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ലഭിച്ചിരുന്ന മെസ് സബ്സിഡി ഇത്തവണ ഉണ്ടാകില്ല.


