തൃശൂര്‍ : സംസ്കാര ചടങ്ങിനെത്തിയവരുടെ കരളലിയിച്ച് പതിനഞ്ചു വയസുകാരി അർച്ചന. മഹാരാഷ്ട്രയിലെ സത്താറയില്‍ 4 ദിവസം മുമ്പ് വാന്‍ പുഴയിലേക്കു മറിഞ്ഞ് മരിച്ച പുല്ലഴി വടക്കുമുറി കാരേക്കാട്ടെ വീട്ടില്‍ ജി.മധുസൂദനന്‍ നായരുടെ (54) മകളാണ് അർച്ചന. അച്ഛനെ മാത്രമല്ല , അപകടത്തിൽ അമ്മ കോലഴി കരുമത്തില്‍ ഉഷ (44), മകന്‍ ആദിത്യ (21) എന്നിവരെയും അർച്ചനയ്ക്ക് നഷ്ടമായി
മൃതദേഹങ്ങൾ 16-11-2020 ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45ന് വടക്കുമുറിയിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് ഒറ്റപ്പെട്ടു പോയ അർച്ചനയുടെ വിലാപം കണ്ട് കാഴ്ചക്കാരും ഉറക്കെ കരഞ്ഞു പോയത്.
അപകടത്തില്‍ നിന്നും നിസ്സാര പരുക്കുകളോടെയാണ് അർച്ചന രക്ഷപ്പെട്ടത്. തുടർന്ന് അര്‍ച്ചനയെ ബന്ധുക്കൾ വീട്ടിലേക്കു കൂട്ടി കൊണ്ടുവന്നിരുന്നു. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ എത്തിയതോടെ ആകെ തകരുകയായിരുന്നു അർച്ചന .
തന്നെ തനിച്ചാക്കിപ്പോയതിന് അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും അടുത്തിരുന്ന് അവൾ സങ്കടപ്പെട്ടു. കുട്ടിയെ അകത്തേക്കു കൊണ്ടുപോകാൻ ശ്രമിച്ചവരെ ബന്ധുക്കൾ തടഞ്ഞു. ‘അവള്‍ നന്നായി കണ്ടോട്ടെ, അവളെ അവരും കാണട്ടെ…എഴുന്നേല്‍പ്പിക്കേണ്ട’. എന്ന്. അപ്പോഴും അർച്ചന തന്റെ കൂടപ്പിറപ്പിന്റെ ശരീരത്തിൽ തൊട്ടു വിളിച്ചുകൊണ്ടിരുന്നു.
മുംബൈ വാഷി സെക്ടര്‍ 16 ല്‍ അയല്‍വാസികളുടെ കുടുംബത്തിനൊപ്പം ഗോവയിലേക്കുള്ള വിനോദയാത്രാ മധ്യേയായിരുന്നു അപകടം സംഭവിച്ചത്.
താൻ മരിച്ചാല്‍ തന്റെ ശരീരം കുടുംബവീട്ടിലേക്കു കയറ്റിയിട്ടേ കൊണ്ടുപോകാവൂ എന്നായിരുന്നു മധുസൂദനന്‍ നായർ മുമ്പേ പറഞ്ഞിരുന്നത്.
തുടർന്നാണ് മൃതദേഹങ്ങൾ അവിടെ എത്തിച്ച് മകളെയും ബന്ധുക്കളെയും കാണിച്ചത്. ശേഷം ചെറുതുരുത്തിയിലേക്കു സംസ്കാരത്തിനായി കൊണ്ടുപോയി.
മധുസൂദനന്റെ പിറന്നാൾ ദിവസം തന്നെയായിരുന്നു മരണവും.
ദീപാവലി ദിനവും പിറന്നാളും ഒന്നിച്ചുവന്ന 14 ന് ഇരട്ടി സന്തോഷത്തോടെ കേക്കു മുറിച്ചു പിറന്നാളാഘോഷിച്ചു. അത് വിഡിയോ കോള്‍ വഴി ബന്ധുക്കളെ കാണിക്കുകയും ആശംസകള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കകം മരണവാര്‍ത്ത എത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.


