തിരുവനന്തപുരം: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ശബ്ദം ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയിട്ട് 59 വർഷം തികഞ്ഞു. എം.ബി. ശ്രീനിവാസൻ ചിട്ടപ്പെടുത്തി വിഖ്യാത ശബ്ദലേഖകൻ കോടീശ്വരറാവു റെക്കാർഡ് ചെയ്ത ‘ജാതിഭേദം മതദ്വേഷം…’ എന്നു തുടങ്ങുന്ന ഗുരുദേവ ശ്ലോകമായിരുന്നു യേശുദാസ് ആദ്യം പാടിയത്.
‘കാല്പാടുകൾ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ റെക്കോർഡിംഗ് 1961 നവംബർ 14നായിരുന്നു. പക്ഷേ, റിലീസ് ചെയ്യാൻ വൈകിയ ഈ ചിത്രം 1962 സെപ്തംബർ ഏഴിനാണ് റിലീസ് ചെയ്തത്. 1962 ഫെബ്രുവരി 23ന് പുറത്തു വന്ന ‘വേലുത്തമ്പി ദളവ’ എന്ന ചിത്രത്തിലെ ‘പുഷ്പാഞ്ജലികൾ…’ എന്ന ഗാനമാണ് യേശുദാസിന്റെ ശബ്ദത്തിൽ ആദ്യം തിയേറ്ററുകളിൽ മുഴങ്ങിയത്. അഭയദേവിന്റെ രചനയിൽ ദക്ഷിണാമൂർത്തിയാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. പിന്നീട് യേശുദാസ് വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ കൂട്ടിയത് ആദ്യം പാടിയ ‘ജാതിഭേദം മതദ്വേഷം…’ എന്നു തുടങ്ങുന്ന ഗുരുദേവ ശ്ലോകമായിരുന്നു. പൊതുചടങ്ങുകളിൽ എത്തുമ്പോഴെല്ലാം ആദ്യം ഈ ശ്ലോകം ചൊല്ലും.