കൊൽക്കത്ത: കൊൽക്കത്തയിലെ ഗൗരംഗനഗറിൽ ഒരു ജലാശയത്തിന് സമീപമുള്ള ചേരിപ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. 35 ഓളം വീടുകൾ കത്തിനശിച്ചു. 14- 11-2020 ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്കായിരുന്നു സംഭവം.
വെടിക്കെട്ട് ഇല്ലാത്ത ദീപാവലി ആഘോഷമായതിനാൽ സംഭവത്തിനു മുമ്പ് പ്രദേശവാസികൾ ജലാശയത്തിൽ ചിരാത് കത്തിച്ച് ഒഴുക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഇവിടെ നിന്നും ഉയർന്നുവന്ന തീയും പുകയും വളരെ ദൂരെയുള്ള ജനങ്ങളെ തന്നെ പരിഭ്രാന്തിയിലാക്കി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു.
അടുത്തടുത്ത് അടുക്കിവെച്ച് പോലെയുള്ള വീടുകൾ, ഇവിടെ ഉപയോഗിച്ചിരുന്ന കാർഡ്‌ബോർഡുകൾ, മരം എന്നിവ പെട്ടെന്ന് തന്നെ തീ പടരാൻ കാരണമായി എന്നാണ് പോലീസ് സ്റ്റേഷനിലെ അധികൃതർ പറയുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാവിലെ അന്വേഷണത്തിനു ശേഷം മാത്രമേ യഥാർത്ഥ കാരണം പറയാനാകൂ.