ലെസ്റ്റര്‍: മിഡ്ലാന്‍ഡ്‌സില്‍ എക്മോ വെന്റിലേറ്റര്‍ സൗകര്യമുള്ള ഏക ആശുപത്രിയായ ലെസ്റ്റര്‍ ഗ്ലെന്‍ഫീല്‍ഡില്‍ അവസാന നിമിഷം വരെ കോവിഡിനെതിരേ പൊരുതി മരിച്ച മലയാളി ഡോക്ടര്‍ കൃഷ്ണന്‍ സുബ്രഹ്മണ്യന് ആശുപത്രി ആദരാഞ്ജലി അര്‍പ്പിച്ചു. നാല്പത്തിയാറുകാരനായിരുന്ന ഡോക്ടര്‍ കൃഷ്ണന്‍ യുഎച്ച്ഡിബി ഡെര്‍ബി ഹോസ്പിറ്റലിലെ ലോക്കം അനസ്തീഷ്യനിസ്റ്റ് ആയിരുന്നു. നോര്‍ത്ത്ആംപ്റ്റന്‍, ലെസ്റ്റര്‍ ഹോസ്പിറ്റലുകളിലും അദ്ദേഹം ഇടയ്ക്ക് ജോലി ചെയ്തിരുന്നു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ സഹപ്രവര്‍ത്തകര്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്ത് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് രോഗികളെ പിന്തുണയ്ക്കാന്‍ ഈ വര്‍ഷം അശ്രാന്തമായി പ്രവര്‍ത്തിച്ച ടീമിലെ അംഗമായിരുന്നു കൃഷ്ണന്‍. ഞങ്ങളുടെ ചിന്തകള്‍ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്, യുഎച്ച്ഡിബിയിലെ എല്ലാവരും ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു. ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗാവിന്‍ ബോയ്ല്‍ പറഞ്ഞു.
”കൃഷ്ണന്‍ ശാന്തനും സമര്‍പ്പിതനുമായ ഒരു സഹപ്രവര്‍ത്തകനായിരുന്നു. തന്റെ ജോലിയോട് വളരെയധികം പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹം. പരിശീലന ഡോക്ടര്‍മാരോടുള്ള അശ്രാന്തമായ ക്ഷമയ്ക്കും, പ്രൊഫഷണലിസത്തിനും, സ്വഭാവഗുണത്തിനും വേണ്ടി വേറിട്ടു നിന്നു. പലപ്പോഴും തിരക്കേറിയ തൊഴില്‍ അന്തരീക്ഷത്തില്‍ ശാന്തവും വിശ്വസനീയവുമായ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും അനസ്‌തെറ്റിക്‌സ് ആന്‍ഡ് തിയറ്റേഴ്‌സിന്റെ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. ജോണ്‍ വില്യംസ് പറഞ്ഞു. സുബ്രഹ്മണ്യന്റെ ആദ്യ കണ്‍സള്‍ട്ടന്റ് തസ്തികയെക്കുറിച്ചും തുടര്‍ന്നുള്ള ആറുവര്‍ഷത്തിനുള്ളില്‍, നൂതനമായ അനസ്‌തെറ്റിക് ടെക്‌നിക്കുകള്‍ നയിച്ചതിനെക്കുറിച്ചും വില്യംസ് ഓര്‍മ്മിപ്പിച്ചു. അതേസമയം, കുറച്ചു നാളായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആന്ധ്ര സ്വദേശി പറഞ്ഞു. ഭാര്യ പ്രിയദര്‍ശിനി മേനോന്‍.