സ്ഥാനാര്‍ത്ഥികളുടെ ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഫോട്ടോഗ്രാഫര്‍മാര്‍

കോട്ടയം: നല്ല ഫോട്ടോകള്‍ ഡിസൈന്‍ ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനും കാര്‍ഡുകളാക്കി വോട്ടര്‍മാരിലെത്തിക്കാനും പ്രത്യേക സംവിധാനമൊരുക്കി സ്റ്റുഡിയോകള്‍ . മാസ്‌ക്കിട്ട് എത്ര ചിരിച്ചാലും ആരും കാണില്ലെന്നുളള പോരായ്മ നികത്താനായി ഫോട്ടോകള്‍ ഗ്ലാമറാക്കാനൊരുങ്ങി സ്ഥാനാര്‍ത്ഥികളും.

കോവിഡ് മൂലം ജീവിതം വഴിമുട്ടിയിരുന്ന ജില്ലയിലെ 2000 ത്തോളം ഫോട്ടോഗ്രഫര്‍മാര്‍ക്ക് 15,000ത്തോളം വരുന്ന സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങുന്ന ഈ അവസരം പ്രതീക്ഷ നല്‍കുന്നതാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി സ്ഥിരം ഫോട്ടോയെടുക്കുന്ന സ്റ്റുഡിയോകളിലാണ് തിരക്ക് കൂടുതല്‍. പരമാവധി ഗ്ലാമറാക്കി വോട്ടറുടെ മുന്നില്‍ മുഖമെത്തിക്കുകയാണ് ലക്ഷ്യം. പോസ്റ്റര്‍, ബാനര്‍, അഭ്യര്‍ത്ഥന കാര്‍ഡ് എന്നിങ്ങനെയുളള എല്ലാ പ്രതലങ്ങളിലും പരമാവധി ക്ലാരിറ്റിയില്‍ പ്രിന്റ് ചെയ്യാനുളള ചിതങ്ങളാണ് വേണ്ടത്.

കോവിഡ് മൂലം ഇക്കുറി ഫോട്ടോയ്ക്കാണ് പ്രാധാന്യമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. ന്യൂ ജന്‍ മനസില്‍ ഇടം പിടിക്കാന്‍ പരമ്പരാഗത രീതിയിലുളള ചിത്രങ്ങള്‍ പോരെന്നാണ് സ്ഥാനാര്‍ത്ഥികളുടെ അഭിപ്രായം ഇരിക്കുന്നതും ചിരിക്കുന്നതും കൈവീശുന്നതും ഉള്‍പ്പടെ വിവിധ വെറൈറ്റി പോസുകളിലായിരിക്കണം ചിത്രങ്ങള്‍ . പലരും ഫോണില്‍ മാതൃകാ ഫോട്ടോകളുമായാണ് എത്തുന്നത്. ക്ലോസപ്പ് ഫോട്ടോകളോട് താല്‍പ്പര്യമില്ല. സോഷ്യല്‍ മീഡിയാകളുടെ വരവ് സ്ഥാനാര്‍ത്ഥികളേയും സ്വാധീനിച്ചിരിക്കുന്നുവെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം