ന്യൂ ഡൽഹി: തന്റെ ദീപാവലി സായുധസേനയ്‌ക്കൊപ്പം ചെലവഴിക്കുന്ന പാരമ്പര്യം തുടര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അതിര്‍ത്തി മേഖലയായ ലോഗേവാലയിലെ സൈനീകരോട് സംവദിക്കുകയും അവരെ അഭിസംബോധനചെയ്യുകയും ചെയ്തു. മഞ്ഞുമൂടിയ മലനിരകളിലോ അല്ലെങ്കില്‍ മരൂഭൂമിയിലോ എവിടെ ആയാലും സൈനീകരോടൊത്തു ചേരുമ്പോള്‍ മാത്രമേ തൻ്റെ ദീപാവലി സമ്പൂര്‍ണ്ണമാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യാക്കാരുടെയും അഭിനന്ദങ്ങളും ആശംസകളും പ്രധാനമന്ത്രി അതിര്‍ത്തിയിലെ സൈനീക ഉദ്യോഗസ്ഥര്‍ക്ക് നേരുകയും ചെയ്തു. ധീരരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിവന്ദനം അര്‍പ്പിച്ച പ്രധാനമന്ത്രി അവരുടെ ത്യാഗത്തിന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. സായുധസേനയ്ക്ക് ദേശവാശികളുടെ നന്ദി അറിയിച്ച പ്രധാനമന്ത്രി 130 കോടി ഇന്ത്യാക്കാര്‍ സൈന്യത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.
ആക്രമണകാരികളേയും നുഴഞ്ഞുകയറ്റക്കാരെയും അഭിമുഖീകരിക്കാന്‍ ശേഷിയുള്ള രാജ്യം മാത്രമേ സുരക്ഷിതമായിരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു . അന്തര്‍ദ്ദേശിയ സഹകരണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും സമവാക്യങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും ജാഗ്രതയാണ് സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമെന്നതും, ശ്രദ്ധയാണ് സന്തോഷിന്റെ അടിത്തറയെന്നതും വിജയത്തിന്റെ ആത്മവിശ്വാസം ശക്തിയാണെന്നതും മറക്കാനാവില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ നയം വളരെ വ്യക്തമാണെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യ മനസിലാക്കുന്നതിലും വിശദീകരിക്കുന്നതിലുമാണ് വിശ്വസിക്കുന്നത്. എന്നാല്‍ നമ്മെ പരീക്ഷിക്കാനുള്ള ഒരു ശ്രമമുണ്ടായാല്‍ പ്രതിരോധവും അതുപോലെ തീവ്രമായിരിക്കും.
ഇന്ന് ഈ രാജ്യം അതിന്റെ ദേശതാല്‍പര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ലോകത്തിന് വ്യക്തമായി അറിയാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ പദവി അതിന്റെ ധീരതയും കാര്യശേഷിയും കൊണ്ടാണ്. സായുധസേനകള്‍ നല്‍കുന്ന സുരക്ഷ മൂലം ഇന്ന് ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദികളിലെ സമ്മര്‍ദ്ദത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയും, ഇന്ത്യയുടെ സൈനീക ശക്തി അതിന്റെ വിലപേശല്‍ ശക്തിവര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഭീകരവാദത്തിന്റെ സംരക്ഷകരെ അവരെ മണ്ണില്‍ വച്ചുതന്നെ ഇന്ത്യ ആക്രമിക്കുന്നു.
അതിര്‍ത്തിവിപുലീകരണ ആശയത്തിനെതിരായ ശക്തമായി ഇന്ത്യ നിലപാടെടുത്തു. ലോകമാകെ തന്നെ വിപുലീകരണത്തിന്റെ ഈ ശക്തികള്‍ മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്, ഇത് 18-ാം നൂറ്റാണ്ടിലെ മാനസികവൈകൃത ചിന്തയുടെ പ്രതിഫലനമാണ്, അദ്ദേഹം പറഞ്ഞു.
100ലധികം ആയുധങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇനിമേല്‍ ഇറക്കുമതിചെയ്യില്ലെന്ന് സേന അടുത്തിടെ തീരുമാനിച്ചിട്ടുണ്ടെന്ന് ആത്മനിര്‍ഭര്‍ ഭാരതിനെയും ‘പ്രാദേശികതയ്ക്ക് വേണ്ടിയുളള ശബ്ദത്തേയും (വോക്കല്‍ ഫോര്‍ ലോക്കല്‍)’ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദത്തിന് വലിയരീതിയില്‍ നേതൃത്വം നല്‍കിയതിന് അദ്ദേഹം സായുധസേനയെ പ്രശംസിച്ചു.
രാജ്യത്തെ യുവത്വത്തിനോട് സായുധസേനയ്ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സേനയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി കഴിയുന്നത്ര സ്റ്റാര്‍ട്ട് അപ്പുകളുമായി മുന്നോട്ടുവരാനും ശ്രീ മോദി ആഹ്വാനംചെയ്തു. പ്രതിരോധമേഖലയില്‍ യുവത്വം നയിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ രാജ്യത്തെ ആത്മനിര്‍ഭര്‍ഭാരതിന്റെ പാതയിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സായുധസേനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഈ മഹാമാരിയുടെ കാലത്ത് ഓരോ പൗരനേയും രക്ഷിക്കാനായി രാജ്യം പരിശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് ഭക്ഷണം ഉറപ്പാക്കിയതിനൊപ്പം സമ്പദ്ഘടനയെ ശരിയായ പാതയിലാക്കുന്നതിനായും രാജ്യം പ്രവര്‍ത്തിക്കുന്നു.
പ്രധാനമന്ത്രി സൈനീകരോട് മൂന്നുകാര്യങ്ങള്‍ ആവശ്യപ്പെട്ടു-ഒന്നാമതായി നൂതനാശയങ്ങള്‍ അവരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍. രണ്ടാമതായി യോഗയെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും അവസാനമായി, മാതൃഭാഷയ്ക്കും ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ കുറഞ്ഞപക്ഷം മറ്റൊരു ഭാഷ കൂടി പഠിക്കാനും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കും, പ്രധാനമന്ത്രി പറഞ്ഞു.
മഹത്തരമായ ലോംഗേവാല യുദ്ധത്തെ പ്രധാനമന്ത്രി സ്മരിച്ചുകൊണ്ട് തന്ത്രപരമായ ആസൂത്രണത്തിന്റെയും സൈനീക ധീരതയുടെയും ചരിത്രരേഖകളിലൂടെ എന്നും ആ യുദ്ധം ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ പാവപ്പെട്ട പൗരന്മാരെ ഭയപ്പെടുത്തുകയും അവിടുത്തെ സഹോദരിമാരോടും പെണ്‍മക്കളോടും ക്രൂരത കാട്ടിയ പാക്കിസ്ഥാന്റെ വൃത്തികെട്ട മുഖം തുറന്നുകാട്ടപ്പെട്ട സമയമായിരുന്നു അത്. ആഗോള ശ്രദ്ധ തിരിക്കാനായി പാക്കിസ്ഥാന്‍ പടിഞ്ഞാറേ അതിര്‍ത്തിയില്‍ മുഖം തുറന്നെങ്കിലും നമ്മുടെ സൈന്യം ചുട്ടമറുപടി നല്‍കി, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.