ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്‌സിഡി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകര്‍ക്ക് വേണ്ടത്ര വളം ലഭ്യത ഉറപ്പുവരുത്തുന്നതിനും വരാനിരിക്കുന്ന വിള സീസണില്‍ വളങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും 65,000 കോടി രൂപ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് സമയബദ്ധമായി സബ്സിഡി വളം ഉറപ്പാക്കും. വളം ഉപയോഗം നടപ്പുവര്‍ഷം 673 ലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
കര്‍ഷകര്‍ക്കുള്ള വായ്പയായി 1,43,262 കോടി രൂപ അനുവദിച്ചു. 11 സംസ്ഥാനങ്ങള്‍ക്കായി പലിശയില്ലാതെ 3621 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ റോജര്‍ യോജനയ്ക്ക് 10,000 കോടി രൂപ അധിക വിഹിതം നല്‍കുമെന്നും ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും സിതാരാമന്‍ പറഞ്ഞു.
വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക വായ്പാ പദ്ധതിയിലൂടെ ലോണുകള്‍ അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം അപേക്ഷകളില്‍ 13.78 അപേക്ഷകര്‍ക്ക് ലോണ്‍ നല്‍കി. 1,373.33 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. പ്രധാനമന്ത്രി മത്സ്യ സമ്പാദ്യ പദ്ധതിയിലൂടെ 21 സംസ്ഥാനങ്ങളിലായി 1682.32 കോടി രൂപ ജനങ്ങളിലേക്കെത്തിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് 1,18,272 കോടി കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.