ഒരു വാർഡിൽ അമ്മയും മകനും സ്ഥാനാർത്ഥികൾ

കൊല്ലം: അഞ്ചൽ ഇടമുളയ്ക്കൽഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് അമ്മയും മകനും എതിർ സ്ഥാനാർഥികളായി മത്സരിക്കുന്നത്. അമ്മ ബിജെപിക്ക് വേണ്ടിയും മകൻ ഇടതുമുന്നണിക്ക് വേണ്ടിയും. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ്മ രാജനും മകൻ ദിനുരാജുമാണ് മത്സരിക്കുന്നത്. വീട്ടിൽ രാഷ്ട്രീയം മിണ്ടരുത് എന്നാണ് ഭർത്താവ് ദേവരാജന്റെ ശാസന.

മഹിളാ മാർച്ച് പുനലൂർ നിയോജക മണ്ഡലത്തിലെ കമ്മിറ്റി അംഗമായ സുധർമ്മ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതാ വാർഡിൽ മത്സരിച്ചിരുന്നു. ഇടതുമുന്നണിക്ക് ആയിരുന്നു ജയം. സുധർമ്മ രണ്ടാംസ്ഥാനത്തെത്തി. ആദ്യകാല കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് സുധർമ്മ.

അച്ഛനും അമ്മയും ബിജെപി അനുഭാവികൾ ആണെങ്കിലും മകൻ ദിനുരാജ് ഹൈസ്കൂൾ വിദ്യാഭ്യാസകാലം മുതൽ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നു. ഇപ്പോൾ ഡിവൈഎഫ്ഐ ഇടമുളയ്ക്കൽ മേഖലാ ട്രഷറർ ആയി പ്രവർത്തിക്കുന്നു.

ആരു ജയിക്കും എന്ന ചോദ്യത്തിന് സ്വന്തം പാർട്ടി എന്നാണ് ഇരുവരും പറയാറുള്ളത്.
ഒരു വീട്ടിൽ കുടുംബനാഥന്റെ ശാസന അനുസരിച്ച് രാഷ്ട്രീയം മിണ്ടാതെ ഒരുമിച്ച് നിന്ന് സെൽഫി എടുത്തു കഴിയുകയായിരുന്നു അമ്മയും മകനും.

കഴിഞ്ഞ ആഴ്ച ദിനുരാജനും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റി. രണ്ടു പാർട്ടികളുടെയും കമ്മിറ്റി വീട്ടിൽ നടത്തേണ്ടിവരും. ഇലക്ഷൻ പ്രചരണ തന്ത്രങ്ങൾ രഹസ്യമായി ഇരിക്കുന്നതിന് വേണ്ടിയാണ് കുടുംബ വീട്ടിലേക്ക് താമസം മാറ്റിയതെന്ന് ദിനുരാജ് തമാശ രൂപത്തിൽ പറഞ്ഞു.

Share
അഭിപ്രായം എഴുതാം