ഉൾഫ കമാൻഡർ ദൃഷ്ടി രാജ്ഖോവയുൾപ്പെടെ അഞ്ചു ഭീകരർ രക്ഷാ സേനയ്ക്കു കീഴടങ്ങി

ഷില്ലോങ്: അസാമിന് സ്വതന്ത്ര രാഷ്ട്ര പദവി വേണമെന്നാവശ്യപ്പെടുന്ന നിരോധിത ഭീകര സംഘടനയായ ഉൾഫയുടെ കമാൻഡർ ദൃഷ്ടി രാജ്ഖോവയുൾപ്പെടെ അഞ്ചു ഭീകരർ മേഘാലയ -ബംഗ്ലാദേശ് അതിർത്തിയിൽ രക്ഷാ സേനയ്ക്കു കീഴടങ്ങി. യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട ഒഫ് അസോം(ഇൻഡിപെൻഡന്‍റ്) അഥവാ ഉൾഫ എന്ന ഭീകര സംഘടനയിലെ രണ്ടാമനാണ് ദൃഷ്ടി രാജ്ഖോവ. കമാൻഡർ പരേഷ് ബറുവയുടെ ഏറ്റവും വിശ്വസ്തനുമാണ് ഇയാൾ. വേദാന്ത, യാസിൻ അസോം, രൂപ്ജ്യോതി അസോം, മിഥുൻ അസോം എന്നിവരാണ് കീഴടങ്ങിയ മറ്റു ഭീകരർ. ഇവരിൽ നിന്നു വൻതോതിൽ ആ‍യുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

നിരവധി കേസുകളിൽ രാജ്യം തേടിക്കൊണ്ടിരുന്ന ഭീകരനാണ് ദൃഷ്ടി രാജ്ഖോവ. ബംഗ്ലാദേശിലിരുന്ന് ഭീകരപ്രവർത്തനം നിയന്ത്രിച്ചിരുന്ന ഇയാളെ കഴിഞ്ഞ ഒമ്പതുമാസമായി രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നു. ഓഗസ്റ്റ് 28ന് അരുണാചൽ പ്രദേശിലെ ടിരപ്പ് ജില്ലയിലുള്ള നൊഗ്ലൊയിൽ നിന്നു മൂന്ന് ഉൾഫ ഭീകരരെ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണങ്ങൾ ദൃഷ്ടി രാജ്ഖോവയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ സുരക്ഷാസേനയ്ക്കു ലഭിച്ചു. കഴിഞ്ഞദിവസം ഇയാൾ മേഘാലയ അതിർത്തിയിലേക്ക് എത്തിയതായി മേഘാലയ, അസം, ബംഗ്ലാദേശ് അതിർത്തിയിലെ കരസേനാ ഇന്‍റലിജൻസിനു വിവരം ലഭിച്ചു. തുടർന്ന് സംയുക്ത നീക്കത്തിൽ രക്ഷാ സേന വളഞ്ഞതോടെ കീഴടങ്ങുകയായിരുന്നു. ഭാര്യയുടെ അസുഖവും ദൃഷ്ടി രാജ്ഖോവയുടെ കീഴടങ്ങലിനു പിന്നിലുണ്ട് എന്നാണ് സൂചന.

ഭീകരാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ 1990ൽ ഈ സംഘടനയെ നിരോധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →