ന്യൂഡല്‍ഹി: കോവിഡ് -19 ബാധിച്ച അഞ്ചില്‍ ഒരാള്‍ മൂന്ന് മാസത്തിനകം ഉത്കണ്ഠ, വിഷാദം അല്ലെങ്കില്‍ ഉറക്കമില്ലായ്മ തുടങ്ങിയ മാനസികരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി ദി ലാന്‍സെറ്റ് സൈക്കിയാട്രി ജേണല്‍. യുഎസിലെ 69.8 ദശലക്ഷം ആളുകളുടെ ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ വിശകലനം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ, മാനസികാരോഗ്യ പ്രശ്‌നം ഉള്ളവരില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കാനുള്ള സാധ്യത 65% കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. യുവാക്കളായ രോഗികള്‍ കൂടുതലായി വിഷാദവും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ട്.
രോഗപ്രതിരോധ സംവിധാനത്തെ മാറ്റി നിര്‍ത്തിയാല്‍ കോവിഡ് രോഗികളില്‍ രോഗത്തെ കുറിച്ചുള്ള പേടിയും ഭാവിയെ കുറിച്ചുള്ള അനിശ്ചിതാവസ്ഥയും കടുത്ത രോഗത്തെ കുറിച്ചുള്ള വേദനാജനകമായ ഓര്‍മ്മകളും സാമൂഹികമായ ഒറ്റപ്പെടലും കാരണം മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാം.
രണ്ട് തരത്തിലാണ് ഇത്തരം മാനസിക രോഗം സാധ്യമാകുന്നത്. ഒന്ന് വൈറസ് നേരിട്ട് മനുഷ്യന്റെ കേന്ദ്ര നാഡീ വ്യവസ്ഥയെ ബാധിക്കുന്നു, മറ്റൊന്ന് നേരിട്ടല്ലാതെ രോഗപ്രതിരോധ പ്രതികരണത്തിലൂടെ. ഒരു രോഗാണു ബാധ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു. കൊറോണ വൈറസിനെതിരായ രോഗപ്രതിരോധശേഷിയുടെ പ്രതികരണമായ സൈറ്റോകൈന്‍ കൊടുങ്കാറ്റ് രോഗിയില്‍ മാനസിക പ്രശ്ന ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. കൊവിഡിനെ അതിജീവിച്ച് ഏകദേശം 90 ദിവസത്തിനുള്ളില്‍ തന്നെ മാനസിക വിഭ്രാന്തി അനുഭവപ്പെടുന്നുണ്ട്. മാനസിക വിഭ്രാന്തി കൂട്ടുന്ന തരത്തില്‍ കൊവിഡ് തലച്ചോറിനെയും മനസ്സിനെയും ബാധിക്കുമെന്നതിന്റെ തെളിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതായും ഇത് മാനസിക രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.