ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല.

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുർഗ് കോടതി തള്ളി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

എം. സി കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദം അരങ്ങേറിയിരുന്നു. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കമറുദ്ദീന് വേണ്ടി അഭിഭാകന്‍ കോടതിയില്‍ അറിയിച്ചു. കമ്പനിയുടെ ചെയര്‍മാനാണ് താനെങ്കിലും പൂക്കോയ തങ്ങളായിരുന്നു ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്. പൂക്കോയ തങ്ങള്‍ ഒളിവില്‍ ആയതിനാല്‍ രണ്ടാം പ്രതിയായ തന്നെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ല. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാതെ തന്നെ കസ്റ്റഡിയില്‍ എടുത്തത് വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനും തനിക്കുള്ള ജനസമ്മിതി ഇല്ലാതാക്കുന്നതിനുമാണെന്നും കമറുദ്ദീന്‍ കോടതിയില്‍ അറിയിച്ചു.

കമറുദ്ദീന്‍ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഇനിയും കണ്ടെത്താനുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് 2017 ന് ശേഷം രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. കമ്പനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചു. ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും പ്രൊസിക്യുഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് വാദിച്ചു.
ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ എംസി കമറുദ്ദീനെ കസ്റ്റഡിയില്‍ വിടും.
അതേസമയം ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരികയാണ്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Share
അഭിപ്രായം എഴുതാം