സ്വർണക്കടത്തും കൈക്കൂലി ഇടപാടുകളും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കും അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി സ്വപ്ന സുരേഷിൻ്റെ മൊഴി

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്ന വിവരവും ലൈഫ് മിഷനുമായി ബന്ധപ്പെട്ട കൈക്കൂലി ഇടപാടുകളും എം ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും ഇക്കാര്യങ്ങൾ അറിയാമെന്ന് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. കളളക്കടത്തിലെ പ്രധാന പ്രതി ഖാലിദ് നൽകിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്നും സ്വപ്നയുടെ ലോക്കറിൽ നിന്നും പിടിച്ചെടുത്തത് ഈ പണമാണെന്നും ഇ ഡി കോടതിയിൽ അറിയിച്ചു.

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വേണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 11/11/20 ബുധനാഴ്ച കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്.

ജയിലില്‍ നടന്ന ചോദ്യം ചെയ്യലിലാണ് സ്വപ്‌നയുടെ നിര്‍ണായക മൊഴി. സ്വപ്‌നയും ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്നും അന്വേഷണ ഏജന്‍സി മനസ്സിലാക്കിയ കാര്യങ്ങളിൽ വ്യക്തത വരാനായി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. താന്‍ ലോക്കറില്‍ ഒരു കോടി രൂപ സൂക്ഷിച്ചത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്ന് സ്വപ്‌ന പറഞ്ഞു.

കൈക്കൂലി നല്‍കിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ‘കെ ഫോണി’ലും ലൈഫിന്റെ മറ്റ് പദ്ധതികളിലും കൂടുതല്‍ കരാറുകള്‍ ശിവശങ്കര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും സ്വപ്‌ന മൊഴി നല്‍കി. ഇതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കറിൻ്റെ കുരുക്ക് കൂടുതൽ മുറുകും.

ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലർക്കും കൈക്കൂലി സംബന്ധിച്ച് അറിയാം എന്ന സ്വപ്നയുടെ മൊഴി സർക്കാരിനെയും സി പി എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →