തൊടുപുഴ: കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തിൽ ദൃശ്യം രണ്ടാം ഭാഗത്തിനു വേണ്ടി തൊടുപുഴ കാഞ്ഞാർ കൈപ്പ കവലയിൽ നിർമ്മിച്ച ജോർജുകുട്ടിയുടെ കേബിൾ കട ഉൾപ്പെടെ, പൊലീസ് സ്റ്റേഷൻ അടങ്ങുന്ന ഗംഭീര സെറ്റ് അണിയറ പ്രവർത്തകർ പൊളിച്ചുനീക്കി.
ഹൈറേഞ്ചിൽ നിന്നു മലയിറങ്ങിയതു പോലെ രാജാക്കാട് പൊലീസ് സ്റ്റേഷനും അനുബന്ധകെട്ടിടങ്ങളുമൊക്കെയായി ഒരു തെരുവ് തന്നെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. ദൃശ്യം സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണിവിടം.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ മലങ്കര ജലാശയത്തിന്റെ തീരമായ കൈപ്പ കവല. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ, എന്നിയുടെ സെറ്റുകളും ഇവിടെ ഒരുക്കിയിരുന്നു. ദൃശ്യം 2വിന്റെ പ്രധാന ലൊക്കേഷനായിരുന്നു ഇത്. സിനിമയുടെ ആദ്യ ഭാഗവും ഇവിടെ നിന്നായിരുന്നു ചിത്രീകരിച്ചത്.
വരുണിനെ കുഴിച്ചുമൂടിയ പഴയ പൊലീസ് സ്റ്റേഷനും ഇപ്പോഴുള്ള പുതിയ പൊലീസ് സ്റ്റേഷനുമൊക്കെ ഇവിടെയാണ് നിർമ്മിച്ചിരുന്നത്. സെറ്റിനായി ഉപയോഗിച്ച പ്രധാന സാധനങ്ങളൊക്കെ വണ്ടിയിൽ തന്നെ കയറ്റി തിരിച്ചു കൊണ്ടു പോകുകയായിരുന്നു.
വഴിത്തലയിലെ ഷെഡ്യൂളിനു ശേഷം അവസാനഘട്ട ചിത്രീകരണത്തിനായാണ് ദൃശ്യം 2 ടീം കൈപ്പ കവലയിൽ എത്തുന്നത്. ഒക്ടോബർ അവസാനം തുടങ്ങിയ ചിത്രീകരണം ഒരാഴ്ച നീണ്ടുനിന്നിരുന്നു. നവംബര്‍ ആറാനായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്.