മോസ്കോ: കോവിഡിനെതിരായ രണ്ട് റഷ്യൻ വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്നും മൂന്നാമത്തേത് അവസാന പരീക്ഷണത്തിലാണെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൊവ്വാഴ്ച (10/11/20) പറഞ്ഞു.
ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്‌സിഒ) വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. ആവശ്യമുള്ള രാജ്യങ്ങൾക്ക് മരുന്നും മറ്റ് രോഗ ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കാൻ റഷ്യ മുന്നിൽ ഉണ്ടാകുമെന്ന് പുട്ടിൻ പറഞ്ഞു.
“ഞങ്ങൾക്ക് റഷ്യയിൽ രജിസ്റ്റർ ചെയ്ത രണ്ട് വാക്സിനുകൾ ഉണ്ട്, വാക്സിനുകൾ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്, പാർശ്വഫലങ്ങളൊന്നുമില്ല, അവ കാര്യക്ഷമമാണ്. മൂന്നാമത്തെ വാക്സിൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ് ” അദ്ദേഹം പറഞ്ഞു.
2020 ഓഗസ്റ്റിൽ കൊറോണ വൈറസിനെതിരെ വാക്സിനേഷൻ രജിസ്റ്റർ ചെയ്ത്, വാക്സിൻ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി റഷ്യ മാറിയിരുന്നു.