ബംഗളൂരു : കര്‍ണാടകയുടെ സ്വന്തം വന മുത്തശ്ശിയായ 108 വയസുകാരി സാലു മരഡ തിമ്മക്കക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ബംഗളൂരുവിലെ വസതിയിലെത്തി സര്‍വകലാശാല അധികാരികള്‍ സാലു മരഡ തിമ്മക്കക്ക് ഡോക്ടറേറ്റ് കൈമാറുകയായിരുന്നു. സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. പക്ഷേ ലോകത്തിന്റെ കണ്ണ് കുളിര്‍പ്പിച്ച മഹത്തായൊരു കര്‍മ്മം സാലുമരദ തിമ്മക്ക ചെയ്തു. കര്‍ണ്ണാടകയുടെ തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 400 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് 498 കോടിയില്‍ അധികം രൂപ വില വരുമെന്ന് സര്‍ക്കാര്‍ പറയുന്നു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ എച്ച് എം മഹേശ്വരയ്യ, ലിംഗ്വിസ്റ്റിക്സ് പ്രൊഫസര്‍ രാജേശ്വരി, സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസ് ഡീന്‍ ബസവരാജ്, അസോസിയേറ്റ് പ്രൊഫസര്‍ വിക്രം വിസാജി എന്നിവര്‍ വീട്ടിലെത്തിയാണ് ഡോക്ടറേറ്റ് കൈമാറിയത്
2019ല്‍ തിമ്മക്കയെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കര്‍ണാടക രാജ്യോത്സവ പുരസ്‌ക്കാരം, നടോജെ പുരസ്‌ക്കാരം എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്. ബാംഗ്ലൂരിലെ രാമനഗര്‍ ജില്ലയിലെ മഗടി താലൂക്കിലെ ഹുളിക്കല്‍ ഗ്രാമത്തിലാണ് സാലുമരദ തിമ്മക്ക താമസിക്കുന്നത്. കുട്ടികളുണ്ടാവാത്തതിന്റെ സങ്കടവും ഏകാന്തതയും മറികടക്കാനാണ് കുട്ടികള്‍ക്ക് പകരം വൃക്ഷങ്ങള്‍ നില്‍ക്കട്ടെ എന്ന് തിമ്മക്കയും ഭര്‍ത്താവ് ചിക്കയ്യയും തീരുമാനമെടുത്തത്. ആദ്യവര്‍ഷം പത്ത് തൈകള്‍ നട്ടു. അടുത്തവര്‍ഷം 15 വൃക്ഷത്തൈകള്‍, മൂന്നാം വര്‍ഷം ഇരുപതെണ്ണം, അതങ്ങനെ നീണ്ടുനീണ്ട് 284-ലെത്തി. 1991ല്‍ ചിക്കയ്യ മരിച്ചു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷവും തിമ്മക്ക മരം നടല്‍ തുടര്‍ന്നു.1995ലെ നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, 1997-ലെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്.