വിദേശത്തു നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല

ന്യൂഡല്‍ഹി: വിദേശത്തു നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശത്തിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചു.

വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താം. അത്തരത്തില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കും എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ കോവിഡ് പ്രോട്ടോകോള്‍.

നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും വിധേയമാകണമെന്നും നിർദ്ദേശമുണ്ട്.

ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, അച്ഛനമ്മമാരോടും പത്തുവയസുള്ള കുട്ടികളോടും ഒപ്പമുള്ള അടിയന്തര യാത്രകളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം.

പക്ഷേ ഇവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാവും. ക്വാറന്റൈന്‍ ഇളവ് ലഭിക്കുന്നവര്‍ അടുത്ത 14 ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കണമെന്ന് കൂടി പ്രോട്ടോകോളില്‍ നിര്‍ദേശിക്കുന്നു.

Share
അഭിപ്രായം എഴുതാം