അബുദാബി: യു.എ.ഇ. സിവിൽ, ക്രിമിനൽ ശിക്ഷാനിയമങ്ങളിലെ സമഗ്രമാറ്റത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. ഇസ്ലാമിക നിയമങ്ങൾ അടിസ്ഥാനമാക്കി വ്യക്തിഗത സിവിൽ കോഡിൽ വരുന്ന മാറ്റങ്ങൾ പ്രവാസികൾക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിനും ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതും എളുപ്പമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയും ഉള്ളതിൽ മാറ്റങ്ങൾ വരുത്തിയുമാണ് നിയമം നടപ്പാക്കുക.
പ്രവാസികളുടെ വിൽപ്പത്രം, പിന്തുടർച്ചാവകാശം, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് പുതിയ മാറ്റം.
നിയമം പ്രാബല്യത്തിലാകുന്നതോടെ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമല്ല. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുമായുള്ള ലൈംഗികബന്ധത്തിന് വധശിക്ഷ ലഭിക്കും. 14 വയസ്സിൽ താഴെയുള്ള ആൺകുട്ടിയോ പെൺകുട്ടിയോ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പ്രതി ഇരയുടെ അടുത്ത ബന്ധു എന്നിവരോടെല്ലാം ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമെങ്കിലും ശിക്ഷ ലഭിക്കും. ഈ നിയമം സ്ത്രീക്കും പുരുഷനും ബാധകമാണ്.
1987-ലെ പീനൽ കോഡ് മൂന്നിലെ ആർട്ടിക്കിളിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തി. ദുരഭിമാനകുറ്റകൃത്യങ്ങൾ കൊലപാതകമായാണ് കണക്കാക്കുക. പീനൽകോഡിലെ ആർട്ടിക്കിളുകൾ പ്രകാരമുള്ള ശിക്ഷയും നൽകും. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നിയമഭേദഗതിയാണിത്. നിയമപരിരക്ഷയും ഉറപ്പാക്കും.
വ്യക്തിഗത സ്റ്റാറ്റസ് കോഡിലെയും സിവിൽ നിയമത്തിലെയും പുതിയ ഭേദഗതികൾ യു.എ.ഇ.യിലെ പ്രവാസികൾക്ക് പിന്തുടർച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങൾ പിന്തുടരാം. വിൽപ്പത്രമുണ്ടെങ്കിൽ അതിനനുസരിച്ച് സ്വത്ത് കൈമാറ്റം ചെയ്യാം. സ്വന്തം രാജ്യത്തെ നിയമം അനുസരിച്ച് പ്രവാസികളുടെ മരണശേഷം സ്വത്ത് കൈമാറാം. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമമാണ് ബാധകമാവുക.
പുതിയ മാറ്റം വരുന്നതോടെ ആത്മഹത്യക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യചികിത്സയ്ക്ക് വിധേയമാക്കും. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ആത്മഹത്യശ്രമം ശിക്ഷയർഹിക്കുന്ന കുറ്റമാണ് എന്ന പഴയ നിയമത്തിന്റെ മാറ്റമാണിത്.
21 വയസ്സിന് മുകളിലുള്ളവർക്ക് മദ്യപാനം അനുവദിച്ചു. 21 വയസ്സിൽ താഴെയുള്ളവർ മദ്യവിൽപ്പനയോ മദ്യപാനമോ നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കും. 21 വയസ്സിൽ താഴെയുള്ളവർക്കുവേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷാർഹമാണ്.
പൊതുസ്ഥലങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്ക് ജയിൽശിക്ഷയ്ക്കു പകരം പിഴ ചുമത്തും. പൊതു ഇടങ്ങളിലെ വഴക്ക്, അടികൂടൽ, ചുംബനം തുടങ്ങി എല്ലാ പ്രവൃത്തികളിലും തടവിനു പകരം പിഴയാക്കി.
ഒരാളെ സഹായിക്കാനായി ചെയ്യുന്ന പ്രവൃത്തി മറ്റൊരു വ്യക്തിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയാൽ ആ വ്യക്തി കുറ്റകൃത്യത്തിന് ഉത്തരവാദിയല്ലെന്നാണ് പുതിയ ഭേദഗതി.