വാഷിംങ്ടൺ; ഭിന്നിപ്പിക്കുന്നതിന് പകരം രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകുമെന്ന് ബൈഡൻ; കറുത്തവംശജരായ സ്ത്രീകളുടെ പ്രതിനിധിയാണ് താനെന്ന് കമല ഹാരിസ്

വാഷിംങ്ടൺ: ഭിന്നിപ്പിക്കുന്നതിന് പകരം രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റാകുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ ആത്മാവിനെ തിരിച്ച് പിടിച്ച് ജനതയുടെ മുറിവുണക്കും. വംശീയതക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അമേരിക്കയുടെ ലോക നേതൃത്വപദവി വീണ്ടെടുക്കുമെന്നും ഡെലാവെയറിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ ബൈഡൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് പ്രഖ്യാപിച്ച ബൈഡൻ, ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാനും മറന്നില്ല. അമേരിക്കയുടെ ഐക്യത്തിനായി നിലകൊള്ളുമെന്ന് ബൈഡൻ പറഞ്ഞു.

അമേരിക്കയുടെ സമത്വത്തിനായി പോരാടിയ അസംഖ്യം കറുത്തവംശജരായ സ്ത്രീകളുടെ പ്രതിനിധിയാണ് താനെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു.

ജനാധിപത്യത്തിന്റെ നട്ടെല്ലായ ശക്തരായ സ്ത്രീകളുടെ ത്യാഗത്തെ ഓർക്കുന്നു. രാജ്യത്ത് ഒന്നും അസാധ്യമല്ലെന്ന് ഓരോരുത്തരും മനസ്സിലാക്കണം. തന്നെ വൈസ് പ്രസിഡന്റാക്കാൻ തെരഞ്ഞെടുത്ത ജോ ബൈഡനും പൂർണ പിന്തുണ നല്‍കിയ കുടുംബത്തിനും കമല നന്ദി പറഞ്ഞു. ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും കാരണമായത് അമ്മ ശ്യാമളയാണെന്നും കമല കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യവനിതയാണ് കമല ഹാരിസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →