വാഷിംഗ്ടൺ: വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള്‍ ഈ മത്സരം വിജയിക്കാന്‍ പോകുന്നു എന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍.
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു ബൈഡന്‍ ചൂണ്ടിക്കാട്ടി.
ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് ജോര്‍ജിയയില്‍ പിന്നിലായിരുന്നു. ഇപ്പോള്‍ നമ്മള്‍ മുന്നിലാണ്. നമ്മള്‍ ആ സംസ്ഥാനം നേടാന്‍ പോകുന്നു. ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് നമ്മള്‍ പെന്‍സില്‍വാനിയയില്‍ പിന്നിലായിരുന്നു. ഇപ്പോള്‍ നമ്മള്‍ പെന്‍സില്‍വാനിയ നേടാന്‍ പോകുന്നു എന്നായിരുന്നു ബൈഡന്റെ വാക്കുകൾ.
മൂന്നൂറിലേറെ ഇലക്ടറല്‍ വോട്ട് തീർച്ചയായും ലഭിക്കും. നിങ്ങളുടെ ഓരോ വോട്ടും കണക്കാക്കും. ഇത് തടയാന്‍ ആരൊക്കെ എത്രമാത്രം ശ്രമിച്ചാലും ഞാനത് കാര്യമാക്കുന്നില്ല എന്നും ബൈഡൻ വ്യക്തമാക്കി.
പെന്‍സില്‍വാനിയ, ജോര്‍ജിയ, അരിസോണ, നെവാഡ എന്നീ സുപ്രധാന സംസ്ഥാനങ്ങളില്‍ ലീഡ് വര്‍ധിപ്പിച്ചിരിക്കുകയാണ് ബൈഡന്‍. ട്രംപിന് നോര്‍ത്ത് കരോലീനയില്‍ മാത്രമാണ് മുന്‍തൂക്കമുള്ളത്. നിലവില്‍ 253 ഇലക്ടറല്‍ വോട്ടുകളുള്ള ബൈഡന്‍ പെന്‍സില്‍വാനിയയില്‍ മാത്രം വിജയിച്ചാലും കേവലം ഭൂരിപക്ഷമായ 270 മറികടക്കും. പെന്‍സില്‍വാനിയയില്‍ 20 ഇലക്ടറല്‍ വോട്ടാണുള്ളത്. ട്രംപിന് ഇതുവരെ 214 ഇലക്ടറല്‍ വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.
കോടതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ലീഡ് തിരികെ വന്നേക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.