ശ്രീനഗർ: ജമ്മു കാശ്മീരിലെ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ തിരികെ ലഭ്യമാകുന്നതു വരെ താൻ മരണത്തിനു കീഴടങ്ങില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും ശ്രീനഗറിൽ നിന്നുള്ള സിറ്റിംഗ് പാർലമെന്റേറിയനും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ഒരു വർഷത്തിനു ശേഷം വെള്ളിയാഴ്ച (06/11/2020) ജമ്മുവിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഡാക്കിലുള്ളവർക്കും തെറ്റായ വാഗ്ദാനങ്ങൾ നൽകുകയുമാണ് ബിജെപിയെ ചെയ്തത്, അദ്ദേഹം പറഞ്ഞു.
“എന്റെ ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതുവരെ ഞാൻ മരിക്കുകയില്ല, ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്, എന്റെ ജോലി പൂർത്തിയാക്കുന്ന ദിവസം ഞാൻ ഈ ലോകം വിട്ടുപോകും, ” അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 84-കാരനായ ഫറൂഖ് അബ്ദുല്ലയുടെ ജമ്മുവിലെ ആദ്യ രാഷ്ട്രീയ മീറ്റിംഗായിരുന്നു വെള്ളിയാഴ്ച നടന്നത്.
” എന്റെ പാർട്ടി ഒരിക്കലും ജമ്മു, ലഡാക്ക്, കശ്മീർ എന്നിവ തമ്മിൽ വേർതിരിവ് നടത്തിയിട്ടില്ലെന്നും എല്ലാവരെയും എല്ലായ്പ്പോഴും ഒന്നായി കാണുന്നു. ജമ്മു, ലഡാക്ക്, കശ്മീർ എന്നിവ പരസ്പരം വേർപിരിയുന്നതായി ഞങ്ങൾ ഒരിക്കലും കരുതിയിട്ടില്ല” ഫറൂഖ് അബ്ദുല്ല പറഞ്ഞു.