അഞ്ചാലുംമൂട്: ബൈപാസില്‍ നിയന്ത്രണംവിട്ട കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം.
അഞ്ചല്‍ വടമണ്‍ സുജാതയില്‍ അനില്‍കുമാര്‍ (55), പരവൂര്‍ കോട്ടപ്പുറം വീട്ടില്‍ ഇന്ദിര (70), പ്രീത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനില്‍കുമാറിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
5-11-2020 വ്യാഴാഴ്ച വൈകുന്നേരം 4.30ന് നീരാവില്‍ പാലത്തിലായിരുന്നു അപകടം. പരിക്കേറ്റവരെ പാലത്തറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ അനില്‍ കുമാര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം ആര്.സി.സിയില്‍ രോഗിയെ ഇറക്കിയ ശേഷം കൊച്ചിയിലേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ടവേരയുമാണ് പുറകേ കൂട്ടിയിടിച്ചത്.
നീരാവില്‍ പാലത്തിലൂടെ ഇടതുവശം ചേര്‍ന്ന് പോകുകയായിരുന്ന അനിൽകുമാർ ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു.
വലത് വശത്തേക്ക് പാഞ്ഞ കാർ പരവൂരില്‍ നിന്ന് ചവറയിലേക്ക് കുടുംബത്തോടൊപ്പം പോകുകയായിരുന്ന ടവേരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേരാണ് ടവേരയിൽ ഉണ്ടായിരുന്നത്. ഇതിലുണ്ടായിരുന്ന ഇന്ദിരയും പ്രീതയും പരിക്കേറ്റ് ആശുപത്രിയിലാണ്.
അനില്‍കുമാറിനെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊലീസ് എത്താന്‍ വൈകിയത് നാട്ടുകാരുമായി വാക്കുതര്‍ക്കത്തിനിടയാക്കി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കടപ്പാക്കടയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകിയതിന് ശേഷമാണ് ഗതാഗത യോഗ്യമാക്കിയത്. അഞ്ചാലുംമൂട് നിന്ന് കണ്ട്രോള് റൂം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.