തിരുവനന്തപുരം : എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തുള്ള ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം ഭാര്യ റെനിറ്റ മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിമുഖത്തിലും ചാനൽ ചർച്ചകളിലും പങ്കെടുത്ത് സംസാരിച്ചു.
അനൂപ് മുഹമ്മദ് എന്ന ഒരു സുഹൃത്ത് ബിനീഷിന് ഉള്ളതായി അറിയില്ല. ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാളാണ് ബിനീഷ്. വളരെ ചുരുക്കം ആളുകളെ മാത്രമേ തനിക്ക് പരിചയമുള്ളൂ. റെനീറ്റ പറഞ്ഞു.
ബിനീഷ് കൊക്കെയിന്‍ ഉപയോഗിക്കുന്നതായി സുഹൃത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മൊഴിനൽകി എന്നതിനെക്കുറിച്ചും പ്രതികരിച്ചു. ബിനീഷ് സിഗരറ്റ് വലിക്കാറില്ല, മദ്യപിക്കാറില്ല, കൊക്കയിൻ ഉപയോഗിക്കുന്നു എന്നുള്ളത് തെറ്റായ മൊഴിയാണ്. അതിനെപ്പറ്റി തനിക്കൊന്നും അറിയില്ല. ഒരു സാധാരണ മനുഷ്യനാണ് ബിനീഷ്. ആർഭാടമില്ലാത്ത ജീവിതമാണ്. ഒരു കാർ മാത്രമേ സ്വന്തമായുള്ളൂ. മറ്റു വാഹനങ്ങൾ സുഹൃത്തുക്കളുടെതാണ് . ഓൾഡ് കോഫി ഹൗസ്, പാരഗൺ എന്നീ കമ്പനികളാണ് ബിനീഷിന് ബന്ധമുള്ളത്. ബന്ധുവിനെ സ്ഥലം പണയം വച്ചാണ് ഓൾഡ് കോഫി ഹൗസിൽ പൈസ ഇറക്കിയത്. 50 ലക്ഷം രൂപ കടത്തിലാണ് ബിനീഷ്.
അന്വേഷണത്തിന് ഭാഗമായി വീട് പരിശോധിക്കണമെന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വീട്ടിലെത്തിയത്. രണ്ടര വയസ്സായ മകൾ കൂടെയുണ്ടായിരുന്നു. ഒമ്പത് വയസ്സായ മകനെ വീട്ടിൽ പൂട്ടിയിട്ടാണ് വന്നത്. വന്നതിനുശേഷം സെർച്ച് വാറണ്ട് ഒപ്പിട്ടു കൊടുത്തു. അതിനുശേഷം കയ്യിലുണ്ടായിരുന്ന ഫോണും അമ്മയുടെയും അച്ഛനെയും പക്കലുണ്ടായിരുന്ന ഫോണുകളും ഇ ഡി പിടിച്ചെടുത്തു. റെയ്ഡ് പൂർത്തിയാകാതെ പുറത്തേക്ക് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. റെയ്ഡ് കഴിഞ്ഞ് പോകുന്ന സമയത്ത് മഹസറില്‍ ഒപ്പിടാൻ പറഞ്ഞു. പേപ്പറിൽ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് കണ്ടെടുത്തതായി എഴുതിയത് ശ്രദ്ധയിൽപ്പെട്ടു. അത് വീട്ടിൽ നിന്ന് കിട്ടിയത് അല്ലെന്നും ഒപ്പിടാൻ സാധ്യമല്ല എന്നും അവരെ അറിയിച്ചു. ഒപ്പിടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ടര വയസ്സായ കുട്ടിക്ക് താഴെയിറങ്ങി നടക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചിട്ടില്ല. വീഡിയോ കണ്ടാണ് കുട്ടി ഊണ് കഴിക്കാറുള്ളത്. ഫോൺ പിടിച്ചു വെച്ചത് കൊണ്ട് ആഹാരം കൊടുക്കാൻ സാധിച്ചില്ല. വീട്ടിൽ പൂട്ടിയിട്ട് വന്ന കുട്ടിയെ കുറിച്ചും ആശങ്കയുണ്ടായിരുന്നു. ചുരുക്കത്തിൽ എല്ലാവരെയും മാനസികമായി ഉപദ്രവിക്കുമായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്ന് റെനീറ്റ മാധ്യമങ്ങളോട് പറഞ്ഞു.
റിനീറ്റയുടെ അമ്മ മിനിയും മാധ്യമങ്ങളോട് സംസാരിച്ചു. ഭർത്താവ് പരാതിയിൽ പറഞ്ഞതുപോലെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ മാനസികമായി നല്ല ഉപദ്രവമാണ് ഉണ്ടായിരുന്നത് എന്ന് മിനി പറഞ്ഞു. അന്വേഷണസംഘം പറയുന്നതുപോലെ അഞ്ചുകോടി ഒന്നും കയ്യിൽ ഉള്ള ആളല്ല ബിനീഷ്. സാധാരണ ജീവിതം നയിക്കുന്ന സാധാരണ മനുഷ്യനാണ്. രാത്രിയായപ്പോൾ മൂത്ത കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോകണമെന്ന് ഭർത്താവ് എൻഫോഴ്സ്മെൻറ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഇറങ്ങി പൊക്കോ എന്ന് ദേഷ്യപ്പെട്ട് ആണ് മറുപടി നൽകിയത്.
എന്നാൽ മകളെയും പേരക്കുട്ടിയേയും ഉദ്യോഗസ്ഥൻ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ബിനീഷിനെ ഭാര്യാപിതാവ് ഇ-മെയിൽ ആയി പരാതി നൽകി. തന്നെ രാത്രിയോടെ വീട്ടിൽ നിന്ന് ബലംപ്രയോഗിച്ച് ഇറക്കിവിട്ടു എന്നും ആരോപിച്ചു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരായി ബിനീഷ് കോടിയേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് ഇ ഡി യോട് ഇമെയിൽ വഴി വിശദീകരണം ആവശ്യപ്പെട്ടു. റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇ ഡി ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിൽ അയച്ചിരിക്കുന്നത്.

