69 ശതമാനം അമേരിക്കൻ-മുസ്‌ലിംകളും ജോ ബൈഡന് വോട്ടു ചെയ്തുവെന്ന് സർവേ ഫലം, ഏഷ്യൻ -അമേരിക്കൻ വംശജരുടെ 70 ശതമാനം വോട്ടും ബൈഡന് .

വാഷിംഗ്ടൺ: അമേരിക്കയിലെ 69 ശതമാനം മുസ്‌ലിം വോട്ടർമാരും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർത്ഥി ജോ ബൈഡന് വോട്ടു ചെയ്തതായി സർവേ ഫലം. 17 ശതമാനം പേർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതായും യുഎസിലെ മുസ്‌ലിം പൗരാവകാശ അഭിഭാഷക സംഘടന നടത്തിയ സർവേയിൽ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (സിഐആർ) 2020 ലെ മുസ്‌ലിം വോട്ടർമാരുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എക്സിറ്റ് പോളിന്റെ ഫലങ്ങൾ ചൊവ്വാഴ്ച (03/11/20)യാണ് പുറത്തുവിട്ടത്.

സർവ്വേയിൽ പങ്കെടുത്ത 844 മുസ്ലീം വോട്ടർ കുടുംബങ്ങളിൽ 84 ശതമാനം പേർ യുഎസ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തുവെന്ന് സർവേ പറയുന്നു.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവയിൽ മുസ്‌ലിം സമുദായത്തിന്റെ സ്ഥാനം ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടുവെന്ന് സി‌എ‌ആർ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടർ നിഹാദ് അവദ് പറഞ്ഞു.

പ്രാദേശിക, സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ മുസ്ലീം സമൂഹം വഹിക്കുന്ന പങ്ക് നിഷേധിക്കുന്നില്ലെന്ന് സർക്കാർ കാര്യങ്ങളുടെ ഡയറക്ടർ റോബർട്ട് എസ് മക്കാവും പറയുന്നു.

അതേ സമയം 2016 ൽ ഡൊണാൾഡ് ട്രംപിന് 13 ശതമാനം മുസ്ലീം വോട്ട് മാത്രമായിരുന്നു ലഭിച്ചത്. 2016 ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ൽ ട്രംപിന് 4 ശതമാനം കൂടുതൽ പിന്തുണ ലഭിച്ചു.

പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച്, 2017 ൽ 3.45 ദശലക്ഷം മുസ്‌ലിംകൾ യുഎസിൽ താമസിക്കുന്നുണ്ട്. മൊത്തം അമേരിക്കൻ ജനസംഖ്യയുടെ 1.1 ശതമാനം മുസ്‌ലിംകളാണെന്നും പ്യൂ റിസർച് സെൻ്റർ പറയുന്നു.
30 ശതമാനം എഷ്യൻ-അമേരിക്കക്കാരുടെ വോട്ട് മാത്രമാണ് ഡൊണാൾഡ് ട്രംപിന് ലഭിച്ചതെന്ന് എഡിസൺ റിസേർചിൻ്റെ സർവേ പറയുന്നു. ആഫ്രോ അമേരിക്കൻ വംശജരുടെ 11 % വോട്ടാണ് ട്രംപിന് ലഭിച്ചതെന്നും സർവേ പറയുന്നു.

Share
അഭിപ്രായം എഴുതാം