ആടുമോഷണസംഘം അറസ്റ്റില്‍

ഇടുക്കി: കഞ്ഞിക്കുഴി ആടുമോഷണസംഘം അറസ്റ്റിലായി. എറണാകുളം ഏറനല്ലൂര്‍ വില്ലേജില്‍ കാലാപ്പൂര് ചിറപ്പടി കണ്ടത്തില്‍ മുഹമ്മദ് കൊന്താലം (50), സുഹൃത്തുക്കളായ വലിയപറമ്പില്‍ അനസ് അലിയാര്‍ (36), മുളവൂര്‍ വില്ലേജില്‍ വാഴപ്പിളളി നിരപ്പ് വട്ടാളയില്‍ ഷൈജന്‍ ഹസന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

വീടുകളിലെത്തി ആടുകളെ വിലപറഞ്ഞ് വാങ്ങുകയോ, വിലചേരാതെ പോകുകയോ ചെയ്യും. തുടര്‍ന്ന് ആളുകള്‍ വീട്ടിലില്ലാത്ത സമയം നോക്കി ആടുകളെ കടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ 31/10/2020 ശനിയാഴ്ച ഉച്ചയോടെ പഴയരിക്കണ്ടത്തുനിന്നും ഇവര്‍ ഓംനി വാനില്‍ ആടുകളെ കടത്തിക്കൊണ്ടുപോയതായി, കഞ്ഞിക്കുഴി പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ണപ്പുറത്ത് താമസിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് വിളിച്ചുപറയുകയും ഇദ്ദേഹം നാട്ടുകാരെ കൂട്ടി പ്രതികളെ വഴിയില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കഞ്ഞിക്കുഴി സിഐ മാത്യു ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ കെജി തങ്കച്ചന്‍, പോലീസ് ഉദ്യോഗസ്ഥരായ എ ജെ ജയന്‍, എം ജോബി, രമണന്‍, പികെ ജയില്‍, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share
അഭിപ്രായം എഴുതാം