കൊവിഡ് പ്രതിരോധം; കണ്ണൂര്‍ ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കണ്ണൂര്‍: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ജില്ലയില്‍ നവംബര്‍ 15 അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി.

ഇതുപ്രകാരം കണ്ടെയിന്‍മെന്റ് സോണ്‍ പ്രദേശങ്ങളില്‍ നിലവിലുള്ള ശക്തമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം അവയ്ക്കു പുറത്തും നടപടികള്‍ കര്‍ക്കശമാക്കും. പൊതു സ്ഥലങ്ങളില്‍ അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നതിനുള്ള വിലക്ക് തുടരും. കലാ-സാംസ്‌ക്കാരിക പരിപാടികള്‍, ടര്‍ഫ് കോര്‍ട്ടില്‍ ഉള്‍പ്പെടെയുള്ള കളികള്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഉദ്ഘാടന പരിപാടികള്‍, ആരാധനാ ചടങ്ങുകള്‍, രാഷ്ട്രീയ, സാമൂഹിക, അക്കാദമിക, സാംസ്‌ക്കാരിക തുടങ്ങി കെട്ടിടങ്ങള്‍ക്കകത്ത് നടക്കുന്ന ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. വിവാഹച്ചടങ്ങുകള്‍ക്ക് ആകെ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കാണ് അനുമതി.

പൊതുഗതാഗത സംവിധാനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പരീക്ഷകള്‍ പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് നടത്താം. അതേസമയം, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത പരീക്ഷകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ബാങ്കുകള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു മുമ്പില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8909/144–extended-in-kannur-.html

Share
അഭിപ്രായം എഴുതാം