ഫ്രാൻസിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇൻഡോനേഷ്യൻ പ്രസിഡന്റ്; മതത്തെ ഭീകരവാദവുമായി ചേർത്തു വച്ച ഇമ്മാനുവേൽ മാക്രോണിന്റെ പ്രസ്താവന വേദനാജനകമെന്നും പ്രസിഡന്റ് ജോക്കോ വിഡോഡോ

ജക്കാർത്ത: ഫ്രാൻസിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അപലപിച്ചു. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇസ്‌ലാമിനെ അപമാനിച്ചുവെന്നും ലോകമെങ്ങുമുള്ള മുസ്‌ലിംഗളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. 31/10/20 ശനിയാഴ്ച യാണ് വിഡോഡോ നിലപാട് വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ കൺസർവേറ്റീവ് ഇസ്ലാമിക സംഘടനകൾ ഫ്രാൻസിനെതിരെ പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പരാമർശം.

“മതത്തിന്റെ ശ്രേഷ്ഠമായ മൂല്യങ്ങളെയും പ്രതീകത്തെയും മുറിപ്പെടുത്തുന്ന സംസാര സ്വാതന്ത്ര്യം വളരെ തെറ്റാണ്, അത് ന്യായീകരിക്കപ്പെടരുത്, അത് അവസാനിപ്പിക്കേണ്ടതുണ്ട്,” ഇന്തോനേഷ്യൻ പ്രസിഡന്റ് പറഞ്ഞു.
മതത്തെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നത് വലിയ തെറ്റാണ്. തീവ്രവാദികൾ തീവ്രവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

29/10/20) വ്യാഴാഴ്ച ഫ്രഞ്ച് നഗരമായ നൈസിലെ ഒരു പള്ളിയിൽ വച്ച് ടുണീഷ്യൻ യുവാവ് “അല്ലാഹു അക്ബർ” എന്ന് വിളിച്ചു പറഞ്ഞ് ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പാരീസ് നഗരപ്രാന്തത്തിലെ ഒരു മിഡിൽ സ്‌കൂൾ അധ്യാപകനെ 18 വയസുകാരൻ ശിരഛേദം ചെയ്തതിന് ശേഷമാണ് നൈസിലെ ആക്രമണം ഉണ്ടായത്. മുഹമ്മദ് നബിയുടെ കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചതിനാണ് അധ്യാപകനെ കൊന്നത്.

എന്നാൽ ഫ്രഞ്ച് മൂല്യങ്ങൾക്കും വിശ്വാസ സ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പറഞ്ഞത്.

Share
അഭിപ്രായം എഴുതാം