കൊട്ടാരക്കര: അയിഷ പോറ്റി എം എല്‍ എയെ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപണം.
കൊട്ടാരക്കര സൈബര്‍പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് ശേഷം എം എല്‍ എയെ വെറും കാഴ്ചക്കാരിയാക്കി നിർത്തി റൂറല്‍ എസ് പി ഇളങ്കോ നാടമുറിച്ച് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എന്നാണ് പരാതി.
പ്രോട്ടോക്കോള്‍ ലംഘനമാണ് സംഭവിച്ചത്. ഇതേ കുറിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമായിരുന്നു സംഭവം.
വിളിച്ചുവരുത്തി അപമാനിച്ചെന്നും അയിഷ പോറ്റി പ്രതികരിച്ചു. ജനപ്രതിനിധികളെ ക്ഷണിക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും എം എല്‍ എ പറഞ്ഞു. സംഘാടകരുടെ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നും എം എല്‍ എ കുറ്റപ്പെടുത്തി.