വിഖ്യാത ഹോളിവുഡ് നടൻ ഷോൺ കോണറി അന്തരിച്ചു, ഓർമയായത് ജയിംസ് ബോണ്ടിൻ്റെ വേഷത്തിൽ ലോക ശ്രദ്ധ നേടിയ താരം

ലണ്ടൻ: ഹോളിവുഡ് നടന്‍ ഷോണ്‍ കോണറി (90) അന്തരിച്ചു.’ ബിഗ് സ്‌ക്രീനില്‍ ആദ്യമായി ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച നടനാണ് കോണറി.

ഓസ്‌കറും രണ്ട് ബാഫ്തയും മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും നേടിയ കോണറി അരനൂറ്റാണ്ടിലധികം ലോകസിനിമയിൽ നിറഞ്ഞു നിന്നു. ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമേ ‘ദ ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍’, ‘ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ ലാസ്റ്റ് ക്രൂസേഡ്’, ‘ദ റോക്ക്’, ‘ദ ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍’ തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്.

ജയിംസ് ബോണ്ടിനെ ഏറ്റവും നന്നായി അവതരിപ്പിച്ച നടന്‍ സ്‌കോട്ട്‌ലന്റുകാരനായ ഷോണ്‍ കോണറിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രേക്ഷക വോട്ടെടുപ്പുകളില്‍ പല തവണ ഷോണ്‍ കോണറി മുന്നിലെത്തിയിട്ടുണ്ട്. 1988ല്‍ ‘ദ അണ്‍ടച്ചബിള്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്കാദമി അവാര്‍ഡ് ലഭിച്ചത്. ചിത്രത്തില്‍ ജിം മലോണ്‍ എന്ന പൊലീസുദ്യോഗസ്ഥനായുള്ള കോണറിയുടെ പ്രകടനം പ്രേക്ഷക പ്രീതി നേടിയിരുന്നു. രണ്ടായിരമാണ്ടില്‍ നൈറ്റ് പദവി നല്‍കി ബ്രിട്ടീഷ് രാജ്ഞി ആദരിച്ചു.

Share
അഭിപ്രായം എഴുതാം