അമേഠി: തിരഞ്ഞെടുപ്പ് വൈരാഗ്യത്തെത്തുടർന്ന് ഉത്തർപ്രദേശിൽ ഗ്രാമമുഖ്യയുടെ ഭർത്താവിനെ മർദിച്ച ശേഷം തീക്കൊടുത്ത് കൊന്നു.
ഭഡോയ ഗ്രാമമുഖ്യയായ ചോത്ക ദേവിയുടെ ഭർത്താവ് അർജുൻ കോരി (45)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ചികിത്സയ്ക്കായി ലഖ്‌നൗ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണം സംഭവിച്ചു.
വ്യാഴാഴ്ച (29/10/2020) വൈകുന്നേരം പച്ചക്കറി വാങ്ങാൻ ചന്തയിൽ പോയ പിതാവ് വീട്ടിലേക്ക് മടങ്ങി വന്നില്ലെന്ന് മകൻ സുരേന്ദ്ര കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് പിന്നീട് അദ്ദേഹത്തെ കണ്ടെത്തിയതെന്നും മകൻ പറയുന്നു. ഈ പ്രദേശത്ത് പിതാവിന് ശക്തമായ അടിത്തറയുണ്ടെന്നും ഇത് എതിരാളികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും സുരേന്ദ്ര കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് വൈരാഗ്യത്തെത്തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും സുരേന്ദ്ര കുമാർ ആരോപിച്ചു.
നാലുപേരുടെ പേരുകൾ പിതാവ് മരിക്കുന്നതിനു മുൻപ് പറഞ്ഞിട്ടുണ്ടെന്നും തുണി വായിൽ നിറച്ച് തല്ലിച്ചതച്ച ശേഷം ദേഹത്ത് എണ്ണയൊഴിച്ച് തീക്കൊടുക്കുകയായിരുന്നൂവെന്നും മകൻ പറഞ്ഞു.
രാത്രി വൈകിയാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്നും കുടുംബത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും എസ്പി ദിനേശ് സിംഗ് പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.