മലപ്പുറം : ഹരിതകേരളം മിഷന്‍ പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ നിര്‍മിച്ച എരവിമംഗലം താഴെപ്പറ്റ കുന്ന് പച്ചതുരുത്ത് സമര്‍പ്പണം ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രദേശിക ജൈവവൈവിധ്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച ‘അതിജീവനത്തിന്റെ ആയിരം പച്ചതുരുത്തുകള്‍’ പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി തലത്തില്‍ ജില്ലയില്‍ നിര്‍മിച്ച ഏറ്റവും വലിയ പച്ചത്തുരുത്താണ് മന്ത്രി സമര്‍പ്പിച്ചത്.
എട്ട് ഏക്കര്‍ സ്ഥലത്ത് വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ അടങ്ങിയതാണ് താഴെപ്പറ്റ കുന്ന് പച്ചതുരുത്ത്. നഗരസഭയിലെ 22 ാം വാര്‍ഡ് മാലിന്യ സംസ്‌കരണ പ്ലാന്റിനോട് ചേര്‍ന്നുള്ള മൂന്ന് ഏക്കറിലെ വട്ടപ്പാറ പച്ചത്തുരുത്തില്‍ വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളും, പച്ചവള്ളി പടര്‍പ്പുകളും വളര്‍ത്തി കഴിഞ്ഞ അഞ്ച് വര്‍ഷമായി സംരക്ഷിച്ചും പരിപാലിച്ചും ജില്ലയിലെ മികച്ച പച്ചതുരുത്തായി താഴെപ്പറ്റ കുന്ന് നഗരസഭ മാറ്റിയെടുക്കുകയായിരുന്നു. അത്യപൂര്‍വമായ നിരവധി വൃക്ഷങ്ങളും, ഔഷധച്ചെടികളും, വള്ളിപ്പടര്‍പ്പുകളുംകൊണ്ട് സമൃദ്ധമാണ് മൂന്നേക്കര്‍ സ്ഥലം. 2005 ല്‍ നഗരസഭ മാലിന്യ സംസ്‌കരണ പ്ലാന്റിനായി വിലക്കുവാങ്ങിയ 13.5 ഏക്കര്‍ സ്ഥലത്ത് ഗ്രീന്‍ ബെല്‍റ്റ് എന്ന രൂപത്തിലാണ് 3.5 ഏക്കറില്‍ വൃക്ഷലതാധികള്‍ വച്ചുപിടിപ്പിച്ചു തുടങ്ങിയത്. മാവ്, പ്ലാവ്, റംബുട്ടാന്‍, അരിനെല്ലി, പപ്പായ, നെല്ലിക്ക, മധുരപ്പുളി തുടങ്ങി 600 വൃക്ഷതൈകളാണ് തുരുത്തില്‍ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതിനാവശ്യമായ മികച്ച ഇനം ഫലവൃക്ഷ തൈകള്‍ കാര്‍ഷിക വകുപ്പിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെ സമാഹരിക്കുകയും ബാക്കി നഗരസഭ വിലക്കുവാങ്ങിയുമാണ് സജ്ജമാക്കിയത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ‘പച്ചത്തുരുത്ത്’ പരിപാലിക്കാന്‍ പ്രാദേശികമായി ക്ലബുകളുടെയും, എരവിമംഗലം പൊതുജനവായനശാല പ്രവര്‍ത്തകരുടെയും കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ദിലീപ്കുമാറിന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് നിര്‍മിച്ചെടുത്തത്. ഒരു തൊഴിലുറപ്പ് തൊഴിലാളി 11 മരങ്ങള്‍ വീതമാണ് പരിപാലിക്കേണ്ടത്. ഇതിനായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 50 തൊഴിലാളികളെ നഗരസഭ പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്. ഈ തൊഴിലാളികള്‍ 12 ഫലവൃക്ഷം വച്ച് അഞ്ച് വര്‍ഷം തുടര്‍ച്ചയായി പരിപാലിക്കണം. ഇങ്ങനെ പരിപാലിക്കുന്നതിന് പ്രതിമാസം 11 ദിവസത്തെ വേതനം തൊഴിലുറപ്പ് വിഹിതത്തില്‍ നിന്ന് നല്‍കും. ഫലവൃക്ഷങ്ങള്‍ വളര്‍ന്നു കഴിഞ്ഞാല്‍ ഇടയില്‍ ഔഷധസസ്യങ്ങളും ഉദ്യാനങ്ങളും നിര്‍മിക്കുകയും പൊതുജന ങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കുകയും ചെയ്യും.
പച്ച തുരുത്തു നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ഒ.ടി. ശിവന്‍, സി.പി. സുനില്‍ എന്നിവര്‍ക്ക് സ്നേഹോപഹാരവും മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍.സീമ ചടങ്ങില്‍ മുഖ്യാതിഥിയായി. നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം സ്വാഗതം ആശംസിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, പത്തത്ത് ആരിഫ്, പി.ടി ശോഭന, രതി അല്ലക്കാട്ടില്‍, മുന്‍ എം.എല്‍ എ വി.ശശികുമാര്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍, ഇ.എം.എസ് മെഡിക്കല്‍ ട്രസ്റ്റ് സെക്രട്ടറി പി.പി വാസുദേവന്‍, സി.സേതുമാധവന്‍, സി.ദിവാകരന്‍, സി എച്ച് ആഷിഖ്, കെ.സുബ്രഹ്മണ്യന്‍, ജിതിന്‍ ടി.വി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ദിലീപ് കുമാര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.ഡി .എസ് പ്രസിഡന്റ് എം.പ്രേമലത, ജെ.എച്ച് ഐ .പി.രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8802/pachathuruth-perinthalmanna-.html