കോൺഗ്രസ് നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് മാനസിക പീഡനം മൂലമെന്ന് സഹോദരൻ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി പി എം

ബേഡകം: മാനസിക പീഡനം മൂലം സഹോദരി ആത്മഹത്യ ചെയ്തുവെന്ന സഹോദരന്റെ പരാതിയിൽ ഭർത്താവായ കോൺഗ്രസ് നേതാവിനും മാതാവിനും എതിരേ പോലിസ് കേസെടുത്തു.

കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ്, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കരിവേടം വാർഡ് മെമ്പറുമായ ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് (35) ആണ് വിഷം കഴിച്ച് മരിച്ചത്. ജോസിനും മാതാവിനും എതിരെയാണ് കേസ്. ദമ്പതികൾക്ക് നാലു മക്കൾ ഉണ്ട്. ജിനോയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി പി എം കുറ്റിക്കോൽ ലോക്കൽ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ് നേതാവിനെതിരായ പരാതിയായതിനാൽ കേസിന് രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്.

25 -10 -2020 ഞായറാഴ്ചയാണ് ജിനോ മരണപ്പെട്ടത്. നാലു ദിവസം മുമ്പ് വിഷം കഴിച്ച് അവശനിലയിൽ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്നാണ് ജിനോയുടെ സഹോദരൻ ജോബി ജോസിന്റെ പരാതിയിൽ കേസെടുത്തത്.

ബേഡകം സി.ഐ. ഉത്തംദാസിന്റെ മേൽനോട്ടത്തിൽ എസ്.ഐ. മുരളിയാണ് കേസ് അന്വേഷിക്കുന്നത്. മാനസിക പീഡനത്തിനും ആത്മഹത്യാ പ്രവണതയ്ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്ന് ബേഡകം പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം