വീട്ടിൽ നിന്നിറങ്ങാതെ ഭീഷണിപ്പെടുത്തി ബ്ലേഡ് കമ്പനികൾ.കോവിഡിൽ വലഞ്ഞ് തൊഴിൽ ഇല്ലാതെ കുടുംബങ്ങൾ

അഞ്ചല്‍: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബ്ലേഡ് കമ്പനി ഇടനിലക്കാര്‍
ഇടപാടുകാരുടെ വീടുകളില്‍ കുത്തിയിരുപ്പ് നടത്തി ഭീഷണപ്പെടുത്തുന്നതായി വ്യാപക പരാതി. വീടുകളില്‍ കയറിയിറങ്ങിയുള്ള പിരിവുകളും മറ്റും ഒഴിവാക്കണമെന്നുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നടപടി.

ഇടയം മൈനിക്കോട് പട്ടികജാതി കോളനിയിലെ ഏതാനും വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കുത്തിയിരുപ്പ് ഭിഷണി നടത്തിയത്. കുടുംബശ്രീ അയല്‍ക്കൂട്ടം മാതൃകയില്‍ രൂപവത്​കരിക്കപ്പെട്ടിട്ടുള്ള ഗ്രൂപ്പുകള്‍ മുഖേന ബ്ലേഡ് പലിശ കമ്പനികള്‍ ഇവിടെ പണം വിതരണം ചെയ്തിരുന്നു. തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളിൽ ഭീഷണി പ്രയോഗങ്ങളുമായി എത്തുകയാണ് ഇവര്‍ .

രണ്ടും മൂന്നും പേരടങ്ങുന്ന സംഘങ്ങള്‍ രാവിലെ വീടുകളില്‍ നിന്നും അംഗങ്ങൾ പുറത്ത് പോകുന്നതിനു മുമ്പു തന്നെ എത്തി വീടുകളില്‍ അതിക്രമിച്ചുകയറി ഇരുപ്പുറപ്പിക്കുകയാണത്രേ. പണവും കൊണ്ടേ തിരിച്ച്‌ പോകൂ എന്നാണ് ഭീഷണി. വീട്ടുകാരെ ജോലിക്ക് പോകാൻ പോലും അനുവദിക്കാതെയാണ് കുത്തിയിരുപ്പ്.

പൊതുപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇവരോട് വീട്ടില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ബ്ലേഡുകാര്‍ ഒഴിഞ്ഞുപോയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ലോക്ഡൗണും കണ്ടെയ്ന്‍മെന്‍റ്​ സോണും വന്നതോടെ തൊഴിലില്ലാതെയായവർക്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബ്ലേഡ് കമ്പനികളുടെ ഗുണ്ടായിസം

Share
അഭിപ്രായം എഴുതാം