ഇടുക്കി വണ്ടിപ്പെരിയാര്‍ നൂറടി താത്കാലിക പാലം തുറന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ തേങ്ങാക്കല്ലില്‍ താത്കാലികമായി നിര്‍മ്മിച്ച നൂറടി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു.  പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ – മ്ലാമല റോഡുകളെ ബന്ധിപ്പിക്കുന്ന തേങ്ങാകല്ലില്‍ തുടര്‍ പ്രളയങ്ങള്‍ മൂലം തകര്‍ന്ന നൂറടി പാലത്തിന് സമാന്തരമായാണ് പഞ്ചായത്ത് താത്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. പെരിയാറില്‍ നിന്ന് മ്ലാമല വഴി തേങ്ങാക്കല്‍, കട്ടപ്പന, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാണിത്. 

പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ആണ് ഈ പാലം ഉപയോഗിക്കുന്നത്. ഒരു മാസം കൊണ്ടാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ ഗീത നേശയ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം വിജയ ലക്ഷമി, ഗ്രാമ പഞ്ചായത്തംഗം എസ്. എന്‍. അജിത്, വിവിധ രാഷ്ട്രീയ, സാമുദായിക, സംഘടന പ്രതിനിധികളായ കെ. വി. സുരേഷ്, കെ. കെ. ചന്ദ്രന്‍കുട്ടി, കബീര്‍ താന്നിമൂട്ടില്‍, എം. സി. വര്‍ഗീസ്, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8714/Vandiperiyar-bridge.html

Share
അഭിപ്രായം എഴുതാം