ജിദ്ദ: ഉര്‍ദുഗാന്‍, താങ്കള്‍ വായ അടയ്ക്കൂ- എന്ന ശീര്‍ഷകത്തില്‍ സൗദി പൗരന്മാര്‍ ആരംഭിച്ച ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയതിന് പിന്നാലെ സൗദിയിലെ റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു. ഒതൈം മാര്‍ക്കറ്റുകള്‍, തമീമി മാര്‍ക്കറ്റുകള്‍, പാണ്ട റീട്ടെയില്‍ കമ്പനി എന്നിവയെല്ലാം തുര്‍ക്കി സാധനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്.എല്ലാ ശാഖകളിലും സംഭരണ ശാലകളിലും നിലവിലെ തുര്‍ക്കി സാധനങ്ങള്‍ ഉടന്‍ തീര്‍ക്കാനും പുതിയ ഓര്‍ഡറുകളൊന്നും നല്‍കാതിരിക്കാനുമാണ് തീരുമാനമെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
നമ്മുടെ മേഖലയിലെ ചില രാജ്യങ്ങള്‍ ഇന്നലെ ഉണ്ടായിരുന്നില്ല. ഭാവിയിലും ഈ രാജ്യങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കില്ല. എന്നാല്‍ ഈ മേഖലയില്‍ നമ്മുടെ പതാക എക്കാലവും ഉയര്‍ത്തുന്നത് നാം തുടരും’ എന്നാണ് ഗള്‍ഫ് രാജ്യങ്ങളെ അവഹേളിച്ച് തുര്‍ക്കി പ്രസിഡന്റ് ഒരു വിഡിയോയില്‍ പറഞ്ഞത്. ഇറാന്‍ അനുകൂല ശക്തികളെ ഉപയോഗിച്ച് മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ലോകത്തെ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിനുള്ള തുര്‍ക്കിയുടെ പിന്തുണയും സൗദിയെ പ്രകോപിപ്പിക്കുന്നു. ഖത്തറിനെതിരായ ഉപരോധത്തെ ചൂഷണം ചെയ്യാനും തുര്‍ക്കി ശ്രമിക്കുന്നതായി ആരോപണമുണ്ട്.
ഇറക്കുമതി, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് കൗണ്‍സില്‍ ഓഫ് സൗദി ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ ഗള്‍ഫ് വിരുദ്ധ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സൗദി ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവിയുടെ ആഹ്വാനം.തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുക, തുര്‍ക്കിയില്‍ നിക്ഷേപങ്ങള്‍ നടത്തുക, ടൂറിസത്തിന്റെ ഭാഗമായി തുര്‍ക്കി സന്ദര്‍ശിക്കുക എന്നിവ ഒഴിവാക്കാണണമെന്നായിരുന്നു ആഹ്വാനം.