ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ വീടിന് മൂന്ന് തരം സുരക്ഷ ഒരുക്കിയിട്ടുള്ളതായി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
വീടിന് ചുറ്റം എട്ട് സിസിടിവി കാമറകളുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ 60 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 24 മണിക്കൂറും വീടിന് കാവലായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 മണിക്കൂര്‍ വീതം ഷിഫ്റ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുടുംബത്തിന് കാവലൊരുക്കും. കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി. കേസില്‍ വെള്ളിയാഴ്ച (16.10.2020) യുപി സര്‍ക്കാര്‍ ഉള്‍പ്പടെ എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയാന്‍ മാറ്റിയത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ നേരിട്ട് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് ബഞ്ചിലുള്ളത്. മുതിര്‍ന്ന അഭിഭാഷനായ ഹരീഷ് സാല്‍വെയാണ് യുപി പൊലീസിന് വേണ്ടി ഹാജരായത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയ സുരക്ഷ സംബന്ധിച്ചും നിയമസഹായം സംബന്ധിച്ചും വിശദമായ സത്യവാങ്മൂലങ്ങള്‍ കോടതിയില്‍ യുപി പൊലീസ് സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സുരക്ഷയും നല്‍കിയിട്ടുണ്ടെന്ന് യുപി പൊലീസ് വാദിച്ചു. പെണ്‍കുട്ടിയുടെ വീടിന് ചുറ്റും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അഭിഭാഷകയായി അഡ്വ. സീമ കുശ്‌വാഹയെ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചതായി ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ഇതോടൊപ്പം ഒരു സര്‍ക്കാര്‍ അഭിഭാഷകനെക്കൂടി നിയോഗിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതിയില്‍ ഹരീഷ് സാല്‍വെ പറഞ്ഞു.