ജിഡിപിയില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ താഴെയാകുമെന്ന് ഐ.എം.എഫ്; ലഭിക്കുക ഏഷ്യയിലെ മൂന്നാമത്തെ ദരിദ്ര രാഷ്ട്രം എന്ന പദവി

ന്യൂഡല്‍ഹി: പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) കണക്കനുസരിച്ച് ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്ന് ഐഎംഎഫ്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഈ വര്‍ഷത്തെ ജിഡിപി 1,888 യുഎസ് ഡോളറായിരിക്കുമെന്നാണ് ഐഎംഎഫ് അനുമാനം.

ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ ജിഡിപി 2020 ല്‍ 4 ശതമാനം വര്‍ധിച്ച് 1,888 ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 10.5 ശതമാനം ഇടിഞ്ഞ് 1,877 ഡോളറിലെത്തും. ഇത് ഇന്ത്യയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2014 ല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി ബംഗ്ലാദേശിനേക്കാള്‍ 44% കൂടുതലായിരുന്നു.കോവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഉണ്ടായ മാന്ദ്യം ഒരു പ്രധാന ഘടകം ആണെന്നാണ് വിലയിരുത്തല്‍.

ഇത് ഇന്ത്യയെ ദക്ഷിണ ഏഷ്യയിലെ മൂന്നാമത്തെ ദരിദ്ര രാഷ്ട്രം എന്ന പദവിക്ക് അര്‍ഹമാക്കും. പാകിസ്ഥാനും, നേപ്പാളും മാത്രമായിരിക്കും ഇന്ത്യയേക്കാള്‍ താഴ്ന്ന ജിഡിപി നിരക്കുള്ള രാജ്യങ്ങള്‍. ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക, മാല്‍ദീവ്‌സ് എന്നിവ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനങ്ങളില്‍ ആകും.ഈ ദുരിതകാലത്ത് ദക്ഷിണ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വീഴ്ച പറ്റിയത് ഇന്ത്യക്ക് ആണെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പഠനം പറയുന്നത്. ശ്രീലങ്കയുടെ 4 ശതമാനം സാമ്പത്തിക വളര്‍ച്ചാ ചുരുക്കമാണ് അതിനുശേഷം വരിക.

ബ്രസീലിന്റെ സമ്പദ് വ്യവസ്ഥ 5.8 ശതമാനവും റഷ്യയുടേത് 4.1 ശതമാനവും ദക്ഷിണാഫ്രിക്കയുടേത് 8.0 ശതമാനവും ചുരുങ്ങുമ്പോള്‍ ചൈനയുടേത് 1.9 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു.

Share
അഭിപ്രായം എഴുതാം