ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികളിൽ സ്വാധീനിക്കാനുള്ള ശ്രമം കോടതി അലക്ഷ്യം ആണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. 2019 ൽ ജഡ്ജിമാരെ വിമർശിച്ചതിന് പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതി അലക്ഷ്യകേസ് ചൊവ്വാഴ്ച (13.10.2020) പരിഗണിക്കുന്നതിനിടയിലാണ് ഈ നിലപാട് വ്യക്തമാക്കിയത്.
കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ സ്വാധീനിക്കുന്നതിനായി പത്ര-ദൃശ്യ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നത് അപകടകരമായ കാര്യങ്ങളിലേക്കാണ് കൊണ്ടു പോകുന്നത് എന്നും സൂചിപ്പിച്ചു. നീതിയുക്തമായ വിചാരണ എന്ന പ്രതികളുടെ അവകാശ ലംഘനമാണ് ഇത്തരം പ്രക്ഷേപണങ്ങൾ. കേസുകൾ കോടതിയിൽ പരിഗണിക്കുന്ന ദിവസം രാവിലെ പത്രങ്ങളിൽ ചില രേഖകൾ ഉദ്ധരിച്ച ലേഖനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കുന്നത് കോടതി നടപടിയെ സ്വാധീനിക്കാൻ ആണെന്നായിരുന്നു അറ്റോണി ജനറലിന്റെ വാദം.
എന്നാൽ ഇത്തരം വിഷയങ്ങൾക്ക് സുപ്രീംകോടതി വ്യക്തമായ മാർഗരേഖ ഇറക്കിയിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷന് വേണ്ടി വാദിച്ച സീനിയർ അഭിഭാഷകൻ രാജീവ് ധവൻ ചൂണ്ടിക്കാട്ടി.
പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതി അലക്ഷ്യ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നവംബർ നാലിലേക്ക് മാറ്റി. അന്ന് അമിക്കസ്ക്യൂറി ഹരീഷ് സാൽവയോടും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ അഭിഭാഷകരുമായി ചർച്ച ചെയ്ത് തയ്യാറാക്കി അവതരിപ്പിക്കുവാൻ അറ്റോണി ജനറലിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.