ഉത്തരകൊറിയന്‍ തടവുകാര്‍ കുടിക്കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് വെളിപ്പെടുത്തല്‍

സിയോള്‍: ഉത്തരകൊറിയയിലെ തടവുകാര്‍ക്ക് കുടിക്കാന്‍ നല്‍കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് റിപ്പോര്‍ട്ട്.ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ മുന്‍ തടവുകാരുന്റെ വെളിപ്പെടുത്തലാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ദക്ഷിണ കൊറിയന്‍ ടിവി കണ്ടതിനും ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്നതിനും ശിക്ഷിക്കപ്പെട്ടവരാണ് ഈ തടങ്കല്‍പാളയത്തില്‍ കഴിയുന്നത്. രക്ത ഗന്ധവും ചീഞ്ഞളിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതുമായ നദിയിലെ വെള്ളമാണ് തടവുകാര്‍ ഉപയോഗിക്കുന്നത്. ഒരിക്കല്‍ കാല്‍ വിരലുകളാണ് തനിക്ക് വെള്ളത്തില്‍ നിന്ന് കിട്ടിയതെന്നും തടവുകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ നോര്‍ത്ത് കൊറിയ (എച്ച്.ആര്‍.എന്‍.കെ) എന്ന കമ്മിറ്റിയാണ് തടവുകരാന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് മുന്‍പ് ഒരു സ്റ്റോര്‍ റൂമില്‍ കൂട്ടിയിടും മഴയുള്ള ദിവസങ്ങളില്‍ വിറകു നനഞ്ഞാല്‍ മൃതദേഹങ്ങളും കത്തിക്കില്ല. അവ അവിടെ തന്നെ കിടന്ന് ചിഞ്ഞ് ഇല്ലാതാവും. അതാണ് നദിയിലെ ഒഴുക്കില്‍ നിന്ന് കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരതയും പീഡനങ്ങളും കൊണ്ട് ചോങ്കോരി തടങ്കല്‍പ്പാളയത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാ തിങ്കളാഴ്ചയും തങ്ങള്‍ മൃതദേഹങ്ങള്‍ കത്തിക്കാറുണ്ടെന്നാണ് മുന്‍ തടവുകാര്‍ പറയുന്നത്. വീടു പോലെയുള്ള കെട്ടിടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വട്ടത്തിലുള്ള ടാങ്കില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണ് കത്തിക്കുന്നത്. ചോരയുടേയും, അഴുകിയതും, കത്തിക്കൊണ്ടിരിക്കുന്നതുമായ മൃതദേഹങ്ങളുടെ മണം അസഹനീയമാണെന്നും തടവുകാര്‍ പറയുന്നു.മൃതദേഹങ്ങള്‍ കത്തിച്ച ചാരം കൂട്ടിയിട്ട് കൃഷിക്കുള്ള വളമായി ഉപയോഗിക്കുകയാണ് പതിവ്. മഴപെയ്യുമ്പോള്‍ ഈ ചാരം അടുത്തുള്ള പുഴയിലേക്ക് ഒഴുകിയെത്തും. ഈ വെള്ളമാണ് തങ്ങള്‍ക്ക് കുടിക്കുവാനും കുളിക്കുവാനും നല്‍കുന്നതെന്ന് മുന്‍ തടവുകാരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം