കടലിൻ്റെ അടിത്തട്ട് നിറയെ പ്ലാസ്റ്റിക്ക് തരികളെന്ന് പഠനം, ഇവയുടെ അളവ് നേരത്തേ കണക്കാക്കിയതിൻ്റെ 25 മടങ്ങ്

സിഡ്നി: ലോകത്തിലെ കടലുകളുടെ അടിത്തട്ടാകെ പ്ലാസ്റ്റിക്ക് തരികളാൽ നിറഞ്ഞിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ ദേശീയ ശാസ്ത്ര ഏജൻസിയുടെ പഠനം. സമുദ്രങ്ങളുടെ അടിത്തട്ടിലെ സൂക്ഷ്മപ്ലാസ്റ്റിക് തരികൾ ഏകദേശം 14 ദശലക്ഷം ടൺ വരുമെന്നാണ് പഠനം പറയുന്നത്. നേരത്തേ പ്രാദേശികമായി കണക്കാക്കിയതിൻ്റെ 25 മടങ്ങ് അധികമാണിത്.

ദക്ഷിണ ഓസ്‌ട്രേലിയൻ തീരത്തെ 3,000 മീറ്റർ ആഴമുള്ള കടൽഭാഗങ്ങളിൽ നിന്നാണ് സംഘം സാമ്പിളുകൾ ശേഖരിച്ചത്. ഇതിനായി ഒരു റോബോട്ടിക് അന്തർവാഹിനിയെയും ഉപയോഗിച്ചു.

“ആഴത്തിലുള്ള സമുദ്രം മൈക്രോപ്ലാസ്റ്റിക്കിൻ്റെ ഒരു സംഭരണിയാണെന്നാണ് ഞങ്ങളുടെ ഗവേഷണത്തിൽ കണ്ടെത്തിയത്,” ഗവേഷകസംഘം തലവനായ ഡെനിസ് ഹാർഡെസ്റ്റി പറഞ്ഞു.


“അത്തരമൊരു വിദൂര സ്ഥലത്ത് ഉയർന്ന മൈക്രോപ്ലാസ്റ്റിക്കിൻ്റെ വലിയ ശേഖരങ്ങൾ കണ്ടതിൽ ഞങ്ങൾ അത്ഭുതപ്പെട്ടു.”

“ ആദ്യം സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് മൈക്രോപ്ലാസ്റ്റിക്കായി മാറുന്നു, ഇവ സമുദ്രത്തിൽ താഴുന്നു എന്നാണ് ഫലങ്ങൾ കാണിക്കുന്നത് “


അദ്ദേഹം പറയുന്നു.
പഠനം പിയർ റിവ്യൂഡ് ജേണൽ ഫ്രോണ്ടിയേഴ്സ് ഇൻ മറൈൻ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമുദ്ര ആവാസവ്യവസ്ഥയെ തകർക്കുകയും ജീവജാലങ്ങളുടെ നിലനിൽപിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന പ്രശ്നത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് സംഘം മുന്നറിയിപ്പു നൽകുന്നു.

Share
അഭിപ്രായം എഴുതാം